banner

കൊടുങ്കാറ്റ് ഭീഷണി: ആര്‍ട്ടെമിസ് 1 വിക്ഷേപണം വീണ്ടും മാറ്റി നാസ

സാൻഫ്രാൻസിസ്കോ : നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ് 1ന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. ഉഷ്ണമേഖലാ കൊടുങ്കാറ്റായ നിക്കോൾ ഫ്ലോറിഡ തീരത്ത് ആഞ്ഞടിക്കുമെന്ന ഭയത്തെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചത്.

എഞ്ചിൻ തകരാറിനെ തുടര്‍ന്ന് നേരത്തെ വിക്ഷേപണം നിരവധി തവണ മാറ്റിവച്ചിരുന്നു. ഒടുവിൽ റോക്കറ്റ് കഴിഞ്ഞയാഴ്ചയാണ് വിക്ഷേപണ പാഡിലേക്ക് തിരികെ കൊണ്ടുവന്നത്. 

വിക്ഷേപണം തിങ്കളാഴ്ച നടക്കേണ്ടിയിരുന്നെങ്കിലും ഉഷ്ണമേഖലാ കൊടുങ്കാറ്റ് കാരണം വിക്ഷേപണം അടുത്ത ബുധന്‍ വരെയെങ്കിലും മാറ്റിവയ്ക്കേണ്ടി വരുമെന്ന് നാസ ചൊവ്വാഴ്ച അറിയിച്ചു. അതീവ അപകടകാരിയായ കാറ്റഗറി 1 ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ പെടുന്നതായിരിക്കും, ഫ്‌ളോറിഡയുടെ അറ്റ്‌ലാന്റിക് തീരങ്ങളില്‍ ആഞ്ഞടിക്കുമെന്ന് കരുതുന്ന നിക്കോള്‍ കൊടുങ്കാറ്റ്. ചുഴലിക്കാറ്റിന്റെ ഭീതിയിലാണെങ്കിലും റോക്കറ്റ് ലോഞ്ച് പാഡിൽ നിന്ന് മാറ്റിയിട്ടില്ല. കൊടുംകാറ്റിനെയും മഴയെയുമൊക്കെ തരണം ചെയ്യാന്‍ പാകത്തിനാണ് ആര്‍ട്ടെമിസ്-1 നിര്‍മിച്ചിരിക്കുന്നതെന്ന് നാസ പറഞ്ഞു.

അപ്പോളോ 17 ന്റെ വിക്ഷേപണത്തിന് 50 വർഷങ്ങൾക്ക് ശേഷമാണ്, അടുത്ത ചാന്ദ്രദൗത്യവുമായി നാസ മുന്നിട്ടിറങ്ങുന്നത്. ആർട്ടെമിസ് 1 റോക്കറ്റിൽ മനുഷ്യർ ചന്ദ്രനിലേക്ക് യാത്ര ചെയ്യില്ല. പകരം എസ്എൽഎസ് റേക്കറ്റിൽ യാത്രക്കാർക്കായി തയ്യാറാക്കിയ ഓറിയോണ് പേടകം ചന്ദ്രന്റെ ഭ്രമണ പഥം സന്ദർശിക്കുകയും തിരികെ ഭൂമിയിലെത്തുകയും ചെയ്യും. 2025 ഓടെ ഇതിലൂടെ ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കുക എന്നതാണ് ഉദ്ദേശ്യം. നാസയുടെ ബഹിരാകാശപരീക്ഷണങ്ങളിലെ മറ്റൊരു നിര്‍ണായക വഴിത്തിരിവായിരിക്കും ആര്‍ട്ടെമിസ്-1 ന്റെ വിക്ഷേപണം.  

Post a Comment

0 Comments