banner

നിർത്തിയിട്ടിരുന്ന ട്രെയിനിൻ്റെ എൻജിൻ മോഷ്ടിച്ച് തുരങ്കം വഴി കടത്തി; ഞെട്ടിച്ച് മോഷണം

മുസാഫർപുർ : നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിൻ മോഷ്ടിച്ചു. ബിഹാറിലെ ബെഗുസാരായ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന മോഷണം നടന്നത്. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന എൻജിൻ പല ഭാഗങ്ങളാക്കിയാണ് മോഷ്ടാക്കൾ ഘട്ടം ഘട്ടമായി കടത്തിയതെന്ന് പോലീസ് പറയുന്നു. ഗർഹാര യാർഡിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ഡീസൽ എൻജിനാണ് മോഷണം പോയത്.

അതേസമയം, മോഷ്ടിച്ച എൻജിൻ ഭാഗങ്ങൾ മുസഫർപുരിനടുത്തുള്ള പ്രഭാത് നഗർ ഏരിയയിൽ നിന്ന് പിന്നീട് കണ്ടെത്തി. സംഭവത്തിൽ മൂന്നുപേരെ പോലീസ് പിടികൂടിയതായി മുസഫർപുർ റെയിൽവേ സംരക്ഷണ സേന ഇൻസ്‌പെക്ടർ പി.എസ്. ദുബെ പറഞ്ഞു. എൻജിൻ യാർഡിലേക്ക് മോഷ്ടാക്കൾ ഒരു തുരങ്കം നിർമിച്ച്, അതുവഴിയാണ് മോഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ ചോദ്യംചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെയിൻ എൻജിൻ ഭാഗങ്ങൾ മുഴുവനായി പ്രഭാത് നഗറിലെ ആക്രി ഗോഡൗണിൽനിന്ന് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ചാക്കുകളിലായി നിറച്ചുവെച്ച നിലയിലായിരുന്നു എൻജിൻ ഭാഗങ്ങൾ കണ്ടെടുത്തത്. ചക്രങ്ങൾ, എൻജിൻ ഭാഗങ്ങൾ, റെയിൽവേ ഭാഗങ്ങൾ എന്നിവയാണ് ചാക്കിൽ ഉണ്ടായിരുന്നത്. ഇപ്പൊൾ ആക്രി ഗോഡൗണിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Post a Comment

0 Comments