കേരളത്തിലെ ഒരു സ്കൂളിലെ അച്ചടക്ക നടപടി ഒടുവിൽ സുപ്രീം കോടതിയിൽ തീർപ്പായി, അതും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. 2009 -ലാണ് കോഴിക്കോട് ജില്ലയിലെ നരിക്കുനി എ യു പി സ്കൂളിലെ കായിക അധ്യാപകനായ വി കെ ബി സന്ദീപിനെ അച്ചടക്ക നടപടിയുടെ പേരിൽ സ്കൂൾ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്യുന്നത്. പിന്നാലെ സസ്പെൻഷൻ കാലയളവിൽ അധ്യാപകൻ ഗുരുതരമായ അച്ചടക്കം ലംഘനം കാട്ടിയെന്ന് ആരോപിച്ച് സ്കൂൾ മാനേജർ പിരിച്ചുവിടാൻ തീരുമാനം എടുത്തു. എന്നാല്‍ ഈ നടപടിക്കെതിരെ അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചു ( The teacher fought for justice for thirteen years; Finally, the decision of the Supreme Court ).
ഹൈക്കോടതി താൽകാലികമായി അച്ചടക്ക നടപടി സ്റ്റേ ചെയ്തു. നിയമവ്യവഹാരങ്ങൾ വീണ്ടും നീണ്ടതോടെ പതിമൂന്ന് വർഷത്തോളം അധ്യാപകന് സർവീസിന് പുറത്ത് തന്നെ നില്‍ക്കേണ്ടിവന്നു. ഇതിനിടെ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണവും നടന്നു. എന്നാൽ, ഒരു എയിഡഡ് സ്കൂൾ മാനേജ്മെന്‍റിന് ഒരു അധ്യാപകനെ നേരിട്ട് പിരിച്ചു വിടാൻ കഴിയുമോ എന്ന ചോദ്യമാണ് ഒടുവിൽ സുപ്രീം കോടതിയുടെ പടികയറിയത്.
2019 -ൽ സുപ്രീം കോടതിയിൽ എത്തിയ കേസിൽ വാദം കേട്ടെങ്കിലും പിന്നീട് പല കുറി നീണ്ടു പോയി. കൊവിഡ് കാരണം വൈകുകയും ചെയ്തു. ഒടുവില്‍ ജഡ്ജിമാരായ സഞ്ജയ് കിഷൻ കൌൾ, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ കേസ് എത്തി. കേസ് പരിഗണിച്ച കോടതി എന്ത് കാരണങ്ങളുടെ പേരിലും ഒരാളെ പതിമൂന്ന് വർഷം സസ്പെൻഷനിൽ നിർത്താനാകില്ലെന്ന് വ്യക്തമാക്കി. നാൽപതാമത്തെ വയസിൽ സസ്പെൻഷനിലായ അധ്യാപകന് ഇനി ചുരുങ്ങിയ കാലം മാത്രമാണ് ഉള്ളതെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഈ സ്ഥതി തുടരാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി അധ്യാപകനെ തിരിച്ചെടുക്കാനും മൂന്ന് മാസത്തിനുള്ളിൽ സ്കൂൾ മാനേജർ, വിദ്യാഭ്യാസ വകുപ്പിന് നൽകിയ പുനപരിശോധനാ അപേക്ഷയിൽ തീർപ്പുണ്ടാക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി. ശമ്പള കുടിശ്ശികയിലും മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർജിക്കാരാനായി അഭിഭാഷകൻ ശരത് എസ് ജനാർദ്ദനും, സ്കൂൾ മാനേജർക്കായി അഭിഭാഷകൻ കെ രാജീവ് ഹാജരായി. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ശങ്കർ, ആലിം അൻവർ എന്നിവരും ഹാജരായി.
0 Comments