banner

തെരുവുനായകള്‍ക്ക് ആഹാരം കൊടുക്കുന്നവർ അവയെ ദത്തെടുക്കേണ്ടതില്ല; തിരുത്തലുമായി സുപ്രീം കോടതി

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അതിനെ ദത്തെടുക്കണമെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് പുറത്ത് ഇറക്കിയ ഉത്തരവിലെ പരാമര്‍ശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.ഹൈക്കോടതിയുടെ നിര്‍ദേശം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അതിനെ ദത്തെടുക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സുപ്രീം കോടതി ആരാഞ്ഞു.

അതേസമയം തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കാവൂ. ഇക്കാര്യം ഉറപ്പ് വരുത്തണമെന്ന് നാഗ്പുര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങള്‍ കണ്ടെത്തുന്നതുവരെ ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടായാല്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ കോര്‍പറേഷന് അധികാരം ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ശല്യം സൃഷ്ടിക്കുന്നവരുടെ പേരു വിവരങ്ങള്‍ കോര്‍പറേഷന് ശേഖരിക്കാം. എന്നാല്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരേ നടപടി എടുക്കരുതെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു

Post a Comment

0 Comments