banner

നന്ദി പറച്ചിലിന്റെ മഹത്വം വിളിച്ചോതി ഇന്ന് താങ്ക്‌സ് ഗിവിംഗ് ഡേ; പിന്നിലെ കഥയറിയാമോ

ഹൃദയത്തില്‍ സൂക്ഷിക്കുന്ന നന്ദി പ്രകടിപ്പിക്കാനും ഉള്ളതാണ്. നന്ദികൊണ്ട് പരസ്പര സ്‌നേഹത്തിന്റെ മാതൃകകള്‍ തീര്‍ക്കാം. നന്ദിയോളമില്ല മറ്റൊരു നന്മയും.

നന്ദി പറച്ചിലിന്റെ ആഴം ഓര്‍മപ്പെടുത്തി ഇന്ന് താങ്ക്‌സ് ഗിവിംഗ്് ഡേ. പാശ്ചാത്യ നാടുകളിലാണ് ഈ ദിനം പ്രധാനമായും ആഘോഷിക്കുന്നത്. അമേരിക്കയില്‍ നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് ഈ പുണ്യദിനം ആഘോഷിക്കുന്നത്.

എ.ഡി. 1620. പ്രൊട്ടസ്റ്റന്റ് വിശ്വാസികളായ 102 യാത്രക്കാരും മുപ്പതോളം കപ്പല്‍ ജോലിക്കാരുമായി ‘മേയ് ഫ്ളവര്‍’ എന്ന ചെറു കപ്പല്‍ ഇംഗ്ലണ്ടിലെ പ്ലൈ മൗത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദി ലക്ഷ്യമാക്കി യാത്ര തിരിച്ചു. പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിച്ച് കോളനികള്‍ സ്ഥാപിക്കുക, സ്വതന്ത്രമായി വിശ്വാസം അനുഷ്ഠിക്കുക എന്നിവയായിരുന്നു യാത്രയുടെ ലക്ഷ്യങ്ങള്‍. ഹഡ്സണ്‍ നദിയുടെ തീരം ലക്ഷ്യമിട്ട ഈ കപ്പല്‍ നങ്കൂരമിട്ടത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരമായ ബോസ്റ്റണിലെ മസാച്ചുസെറ്റ്സിലായിരുന്നു. തദ്ദേശീയരായ റെഡ് ഇന്ത്യക്കാരില്‍ നിന്നുണ്ടായ ചെറുത്തു നില്‍പ്പും അതികഠിനമായ ശൈത്യവും മൂലം അവര്‍ക്ക് ഏറെനാള്‍ കപ്പലില്‍ത്തന്നെ കഴിയേണ്ടി വന്നു.

പട്ടിണിയും പകര്‍ച്ചവ്യാധിയും അവരെ പിന്തുടര്‍ന്നു, പകുതിയിലധികം പേര്‍ ഇഹലോകവാസം വെടിഞ്ഞു. മെല്ലെ മെല്ലെ അവര്‍ വ്യത്യസ്തമായ ആ പരിതസ്ഥിയോട് ഇണങ്ങിച്ചേരാന്‍ തുടങ്ങി. റെഡ് ഇന്ത്യക്കാര്‍ അവരെ കൃഷി ചെയ്യാനും മീന്‍ പിടിക്കാനും വേട്ടയാടാനും പഠിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം അവര്‍ക്ക് ലഭിച്ചത് വന്‍ വിളവാണ്. അതിലൂടെ ശൈത്യകാലത്തേക്കു വേണ്ടുന്നവ ശേഖരിച്ചുവെക്കാനും അവര്‍ക്കു കഴിഞ്ഞു. എങ്ങും സന്തോഷവും സമാധാനവും മാത്രം. ദൈവം കനിഞ്ഞു നല്‍കിയ ഈ അനുഗ്രഹത്തിനു നന്ദി പറയാന്‍ അവര്‍ റെഡ് ഇന്ത്യാക്കാരുമായി ഒന്നിച്ചുകൂടി.

വിഭവസമൃദ്ധമായ സദ്യയും ആ അവസരത്തില്‍ അവര്‍ ഒരുക്കി. കൃഷി ചെയ്തു കിട്ടിയ വസ്തുക്കളും മീനും കൂടാതെ വേട്ടയാടിക്കൊണ്ടുവന്ന ഇറച്ചിയും വിഭവങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച അമേരിക്കന്‍ ജനത ഒന്നടങ്കം ആഘോഷിക്കുന്ന ‘താങ്ക്സ് ഗിവിംഗ്’ ആഘോഷത്തിന്റെ തുടക്കമായിരുന്നു അതെന്ന് ചരിത്രം പറയുന്നു. ഈ സ്ഥലം പിന്നീട് പ്ലൈ മൗത്ത് കോളനി എന്ന പേരില്‍ അറിയപ്പെട്ടു. നൂറ്റാണ്ടുകള്‍ക്കു ശേഷം പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ പ്രസിഡന്റായപ്പോഴാണ് ‘താങ്ക്സ് ഗിവിംഗ്’ ദിനം ദേശീയ അവധിയാക്കിയത്.

താങ്ക്‌സ്ഗിവിംഗ് ദിനത്തില്‍, അമേരിക്കക്കാര്‍ കുടുംബമായി ഭക്ഷണം കഴിക്കുന്നതും പള്ളിയിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതും പ്രത്യേക കായിക മത്സരങ്ങള്‍ കാണുന്നതും സാധാരണമാണ്. കൂടാതെ, ന്യൂയോര്‍ക്ക് സിറ്റിയിലെ മാസിയുടെ താങ്ക്‌സ്ഗിവിംഗ് പരേഡ്, എബിസി ഡങ്കിന്‍ ഡോനട്ട്‌സ് താങ്ക്‌സ് ഗിവിംഗ് ഡേ പരേഡ് തുടങ്ങിയ പരേഡുകളോടെ പൊതു സ്ഥലങ്ങളില്‍ താങ്ക്‌സ്ഗിവിംഗ് ആഘോഷിക്കുന്നു. ഫിലാഡല്‍ഫിയയില്‍, അമേരിക്കയുടെ ഹോംടൗണ്‍ താങ്ക്‌സ് ഗിവിംഗ് പരേഡ്, മസാച്യുസെറ്റ്‌സ്, പ്ലിമൗത്ത്, മക്‌ഡൊണാള്‍ഡിന്റെ ചിക്കാഗോയിലെ താങ്ക്‌സ്ഗിവിംഗ് പരേഡ്, ന്യൂ ഓര്‍ലിയാന്‍സിലെ ബയൂ ക്ലാസിക് താങ്ക്‌സ്ഗിവിംഗ് പരേഡ്. അമേരിക്കക്കാര്‍ ‘ഹോളിഡേ സീസണ്‍’ എന്ന് വിളിക്കുന്നത് പൊതുവെ താങ്ക്‌സ്ഗിവിങ്ങില്‍ തുടങ്ങുന്നു. താങ്ക്‌സ്ഗിവിംഗ് ഡേയ്ക്ക് ശേഷമുള്ള ആദ്യ ദിവസം – ബ്ലാക്ക് ഫ്രൈഡേ – ക്രിസ്മസ് ഷോപ്പിംഗ് സീസണിന്റെ തുടക്കം കുറിക്കുന്നു.

ഇംഗ്ലണ്ടില്‍ നിന്നു വന്ന തീര്‍ത്ഥാടകര്‍ക്കു മുമ്പായി 1598ല്‍ കത്തോലിക്കാ വിശ്വാസിയായ ഫിലിപ്പ് രണ്ടാമന്‍ രാജാവിന്റെ കല്‍പ്പന പ്രകാരം ധീരനും സമര്‍ത്ഥനും വിശ്വാസിയുമായ സ്പെയിന്‍കാരന്‍ ഡോണ്‍ ഹ്വാന്‍ ഒനാത്തെ പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിച്ച് കോളനികള്‍ രൂപീകരിക്കാനും കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാനുമായി യാത്ര തിരിച്ചു. അറുന്നൂറോളം പേരുള്ള ആ സംഘം മെക്സികോയില്‍ നിന്നാണ് പുറപ്പെട്ടത്. ഫ്രാന്‍സിസ്‌കന്‍ വൈദികരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ദുര്‍ഘടവും സാഹസികവുമായ ഈ യാത്രകളില്‍ അവര്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടാണ് മുന്നേറിയിരുന്നത്. മാസങ്ങളോളം നീണ്ട യാത്ര ടെക്സാസിന്റെ പടിഞ്ഞാറുള്ള ന്യൂ മെക്സിക്കോയില്‍ എത്തിച്ചേര്‍ന്നു. അവരുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ദിവ്യബലി അര്‍പ്പിച്ചും ദൈവനാമത്തില്‍ പ്രദക്ഷിണം നടത്തിയുമാണ് അവര്‍ ദൈവത്തിനു നന്ദി പറഞ്ഞത്. ഇതിനുശേഷം ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയില്‍ അവിടുത്തെ ആദിമവാസികളായ പുവേബ്ലോ ഇന്ത്യന്‍സും ഉണ്ടായിരുന്നു. കത്തോലിക്കാ വിശ്വാസത്തെയും മാമ്മോദീസയെയും കുറിച്ച് അവര്‍ ആദ്യമായി കേട്ടത് ആ അവസരത്തിലാണ്. അവരില്‍ പലരും മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാ സഭയുടെ ഭാഗമായി.

ഡോണ്‍ ഹ്വാന്‍ ഒനാത്തെയുടെ നേതൃത്വത്തിലുള്ള സംഘം ഇംഗ്ലണ്ടില്‍ നിന്നു വന്ന തീര്‍ത്ഥാടാകരെക്കാള്‍ 23 വര്‍ഷം മുമ്പേ ന്യൂ മെക്സിക്കോയില്‍ ‘താങ്ക്സ് ഗിവിംഗ്’ ആഘോഷിച്ചെങ്കിലും ന്യൂ മെക്സിക്കോ 19ാം നൂറ്റാണ്ടുവരെ അമേരിക്കയുടെ ഭാഗമല്ലാതിരുന്നതിനാല്‍ ഒനാത്തെയുടെ ‘കത്തോലിക് താങ്ക്സ് ഗിവിംഗ്’ന് പ്രശസ്തിയില്ലാതെ പോയി.

Post a Comment

0 Comments