banner

ലോക ജനസംഖ്യ ഇന്ന് 800 കോടിയിലേക്കുയരും

മുംബൈ : ലോക ജനസംഖ്യ ഇന്ന് 800 കോടിയിലേക്കുയരും. ഐക്യരാഷ്ട്ര സഭയുടെ 2022-ലെ ജനസംഖ്യാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നത്.

2020-ല്‍ ലോക ജനസംഖ്യാവളര്‍ച്ച ഒരു ശതമാനത്തില്‍ താഴെയായി എന്നാണ് കണക്കുകള്‍. 1950-ന് ശേഷം ആദ്യമായാണ് ലോകജനസംഖ്യവളര്‍ച്ച ഒരു ശതമാനത്തിന് താഴെ എത്തുന്നത്. 2030-ല്‍ ലോകജനസംഖ്യ 850 കോടിയും 2050-ല്‍ 970 കോടിയുമെത്തിയേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2050 വരെയുള്ള ജനസംഖ്യാവളര്‍ച്ചാ അനുമാനത്തില്‍ പകുതിയും ഇന്ത്യ, ഈജിപ്ത്, കോംഗോ, എതോപ്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. 2080-കളില്‍ ലോകജനസംഖ്യ ഉയര്‍ന്ന് 1040 കോടിയിലെത്താനാണ് സാധ്യത.

അതേസമയം 2023-ഓടെ ജനസംഖ്യ കണക്കുകളില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ചാണ് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

Post a Comment

0 Comments