banner

വോട്ടര്‍ പട്ടിക പുതുക്കല്‍; പരാതികള്‍ ഡിസംബര്‍ എട്ടുവരെ സമര്‍പ്പിക്കാം

കൊല്ലം : വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും ഡിസംബര്‍ എട്ടുവരെ സമര്‍പ്പിക്കാം. പരാതികള്‍ ഡിസബംര്‍ 26ന് മുമ്പ് തീര്‍പ്പാക്കി 2023 ജനുവരിയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറില്‍ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ സാന്നിദ്ധ്യത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാനായി ജില്ലയുടെ മലയോര, അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി താലൂക്ക്, വില്ലേജ്, ബൂത്ത് തലങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.
വോട്ട് ഇരട്ടിപ്പ് തടയുക, വോട്ടര്‍ പട്ടിക സംശുദ്ധമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. പട്ടിക സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികളിലും നിര്‍ദ്ദേശങ്ങളിലും ഉദ്യോഗസ്ഥര്‍ ഇരുവിഭാഗങ്ങളെയും കേട്ട ശേഷം ചട്ടപ്രകാരമാണ് നടപടി എടുക്കുക. വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

ആരെയെങ്കിലും വോട്ടര്‍ പട്ടികയില്‍ നിന്നും ചട്ടപ്രകാരമല്ലാതെ പുറത്താക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്താം.
പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവസരം നല്‍കും. വോട്ടര്‍ പട്ടികയില്‍ അര്‍ഹരായവരെ മുഴുവന്‍ ഉള്‍പ്പെടുത്തിയെന്ന് ഉറപ്പാക്കാന്‍ കോളജ് ലിറ്ററസി ക്ലബ്ബുകള്‍, യൂത്ത് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവ വഴി പ്രചാരണം ശക്തമാക്കും.

നിലവില്‍ 17 വയസ് പൂര്‍ത്തിയായവര്‍ക്കെല്ലാം വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജില്ലയില്‍ ആധാര്‍-വോട്ടര്‍പട്ടിക ലിങ്ക് ചെയ്യല്‍ പ്രക്രിയ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പാര്‍വീണ്‍ പറഞ്ഞു. 66 ശതമാനം പേരാണ് ആധാര്‍-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചിരിക്കുന്നത്.
വോട്ടര്‍ ഐഡി കാര്‍ഡ് നമ്പരും ആധാര്‍ നമ്പരും ഉപയോഗിച്ച് ലളിതമായി ആധാര്‍ ലിങ്ക് ചെയ്യാമെന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പൊതുജനങ്ങളെ ബോധവത്കരിക്കണം. പ്രാദേശികമായി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. ആധാര്‍- വോട്ടര്‍പട്ടിക ലിങ്ക് ചെയ്യല്‍ പ്രക്രിയ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.

വോട്ടര്‍മാര്‍ക്കിടയിലുള്ള തെറ്റിദ്ധാരണ മാറ്റാന്‍ രാഷ്ട്രീയയോഗങ്ങളിലൂടെയും തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ മുഖേനയും ബോധവത്കരണം നടത്തും.
യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി. ആര്‍. അഹമ്മദ് കബീര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments