കണ്ണൂർ : തലശേരി ജനറല്‍ ആശുപത്രിയില്‍ വന്‍ ചികിത്സ പിഴവെന്ന ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കിട്ടുമെന്നും പിഴവുകള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈയാണ് മുറിച്ചു മാറ്റേണ്ടി വന്നത്. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു 17കാരനായ സുല്‍ത്താന്‍.
കഴിഞ്ഞമാസം മുപ്പതിനാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയില്‍ സുല്‍ത്താന്‍ സിദ്ദിഖിന്റെ കൈയിലെ എല്ലുകള്‍ പൊട്ടിയത്. പിന്നാലെ കുട്ടിയെ വീട്ടുകാര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എക്സ്-റേ മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലന്നും സമീപത്തെ സഹകരണ ആശുപത്രിയില്‍ നിന്ന് എക്സ്-റേ എടുത്ത് വരാനും ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
എക്സ് റേ യില്‍ കൈത്തണ്ടയിലെ രണ്ട് എല്ലുകളില്‍ പൊട്ടല്‍ കണ്ടെത്തി. അസ്ഥി രോഗ വിദഗ്ദന്‍ സ്ഥലത്തില്ലാത്തതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ കുട്ടിയുടെ കൈ സ്ലിന്റ് ഇട്ട ശേഷം അഡ്മിറ്റ് ചെയ്തു. പിറ്റേന്ന് അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടര്‍ വിജുമോന്‍ പരിശോധിച്ച് സര്‍ജറി നിര്‍ദ്ദേശിച്ചു.
എല്ലുപൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ചികില്‍സാപിഴവ് മൂലമല്ല കൈ മുറിച്ചുമാറ്റേണ്ടിവന്നതെന്നും എല്ലുപൊട്ടി മൂന്നാം ദിവസം കുട്ടിക്ക് കംപാര്‍ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നതിനാലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
0 Comments