banner

ആര്‍.എസ്.എസുകാര്‍ വീട്ടിലേക്ക് ഇരച്ചുകയറിയപ്പോള്‍ പ്രതിരോതിച്ചത് ചൂരല്‍ക്കസേര കൊണ്ട്; കാറിലേക്ക് ബുള്ളറ്റ് വരുമോ എന്ന ഭയം എനിക്കില്ല; പി. ജയരാജന്‍

തിരുവനന്തപുരം : സര്‍ക്കാര്‍ ചെലവില്‍ തനിക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ അനുമതിയായെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന്‍.

സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്‌നങ്ങളില്‍ പെടുന്ന പഴയ കാറിന് പകരം പുതിയതൊന്നു  വാങ്ങിയതുമാത്രമാണുണ്ടായതെന്നും അതൊരു ബുള്ളറ്റ് പ്രൂഫ് ആഡംബര കാര്‍’ അല്ലെന്നും പി. ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് സി.പി.ഐ.എമ്മിന് എതിരെയുള്ള എന്തും വാര്‍ത്തയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇപ്പോള്‍ മാധ്യമ കുന്തമുന ഒരിക്കല്‍ക്കൂടി എനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ചെലവില്‍ ‘ബുള്ളറ്റ് പ്രൂഫ് ആഡംബര കാര്‍’ വാങ്ങുന്നു എന്നാണ് ആരോപണം. കഴിയാവുന്നത്ര ഭാവനകളുപയോഗിച്ച് വാര്‍ത്ത പൊലിപ്പിക്കുന്നവരോട് നിങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല എന്നേ പറയാനുള്ളൂ. വസ്തുതകള്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഇത്രയും പറയട്ടെ.

പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളായാണ് ഖാദി ബോര്‍ഡ് അടക്കം ഏത് സ്ഥാനത്തേയും ഞാനെന്നും കാണുന്നത്. അവ നിര്‍വഹിക്കുന്നതിന്റെ ഭാഗമായി നിരന്തരം ദീര്‍ഘയാത്രകള്‍ വേണ്ടിവരാറുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വൈസ് ചെയര്‍മാന്‍ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയില്‍ എന്നേ ആയിട്ടുണ്ട്.

നിരന്തരമായി അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടിവരുന്ന ആ കാറില്‍ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നത്. പരമാവധി 35 ലക്ഷം രൂപ വിലവരുന്ന(ശ്രദ്ധിക്കുക, 35 ലക്ഷം തന്നെ വേണം എന്നല്ല, പരമാവധി വില 35 ലക്ഷം) വാഹനം വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചത്. സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്‌നങ്ങളില്‍ പെടുന്ന പഴയ കാറിനു പകരം പുതിയതൊന്നു വേണം. അത്രയേ ഇക്കാര്യത്തില്‍ കണ്ടിട്ടുള്ളൂ,’ ജയരാജന്‍ പറഞ്ഞു.

പിന്നെ, ബുള്ളറ്റ് പ്രൂഫ്. എന്റെ വീട്ടിലേക്ക് ഒരു തിരുവോണ ദിവസം ആര്‍.എസ്.എസുകാര്‍ ഇരച്ചുകയറി എന്നെ തലങ്ങും വിലങ്ങും വെട്ടിയപ്പോള്‍ എന്റെ പ്രൂഫ് കവചമായി ആകെ ഉണ്ടായിരുന്നത് ഒരു ചൂരല്‍ക്കസേരയാണ്. അതുപയോഗിച്ച് പ്രതിരോധിച്ചതിന്റെ ബാക്കിയാണ് ഇന്നും നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരിക്കുന്ന പി.ജയരാജന്‍. അതുകൊണ്ട് വാങ്ങുന്ന കാര്‍ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് ഭയന്ന് ജീവിക്കേണ്ട അവസ്ഥ തനിക്കില്ല. ബുള്ളറ്റിന് പ്രൂഫ് ഉണ്ടായാലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം.എന്നെ അറിയുന്ന ഏതു മലയാളിക്കും ഇക്കാര്യം മനസിലാവുകയും ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു.

ഖാദി എന്ന പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികള്‍ ഇന്ന് നിലനില്‍ക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ്. കൊവിഡ് മഹമാരിയുടെ കാലത്ത് ജോലിയും കൂലിയും ഇല്ലാതിരുന്ന ഖാദി തൊഴിലാളികള്‍ക്ക് ഇന്ന് അത് ലഭിക്കുന്നുണ്ട്. അത് സര്‍ക്കാരിന്റെ പിന്തുണയോടെ ബോര്‍ഡ് നടത്തിയ പ്രവര്‍ത്തന ഫലമായാണ്.

ഈ കഴിഞ്ഞ ഓണക്കാലത്ത് ഖാദി തൊഴിലാളികള്‍ക്ക് ഒരു കോടി മുപ്പത്തി രണ്ട് ലക്ഷം രൂപയാണ് പ്രത്യേക സഹായ ധനം അനുവദിച്ചത്. സര്‍വീസ് സംഘടനകളും സാമൂഹ്യ സംഘടനകളും നല്‍കിയ പിന്തുണയുടെ ഫലമായാണ് ഖാദി വസ്ത്ര വിപണനം ശക്തിപ്പെട്ടത്. ഈ വിപണനം ക്രിസ്തുമസ് പുതുവര്‍ഷ വേളയിലും നടക്കും. വൈസ് ചെയര്‍മാന്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ എന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പാവപെട്ട ഖാദി തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കരുത് എന്നാണ് ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്.

Post a Comment

0 Comments