banner

വിജയമുറപ്പിച്ച നിമിഷങ്ങൾ; സെന​ഗലിനെതിരെ നെതർലന്റ്സിന് വിജയം

ലോക കപ്പിലെ ദൗർഭാ​ഗ്യത്തിന്റെ പേരാണ് നെതർലന്റ്സ്. പലകുറി ലോകകപ്പിൽ കീരീടം പോലും സ്വന്തമാക്കുമെന്നുള്ള തോന്നലുണ്ടാക്കി അവർ തോറ്റ് മടങ്ങിയിട്ടുണ്ട്. 2022 ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ സെന​ഗലിനെതിരെ 84ാം മിനിറ്റിലും അധിക സമയത്തിന്റെ അവസാന മിനിറ്റിലും നേടിയ ​ഗോളുകളിലൂടെ അവർ വിജയം പിടിച്ചെടുക്കുകയായിരുന്നു.

നെതർലന്റ്സിനായി കോടി ​ഗാക്പോയാണ് 84ാം മിനിറ്റിൽ വിജയമുറപ്പിച്ച ​ഗോൾ നേടിയത്. മത്സരത്തിൽ കൂടുതൽ സമയം ബോൾ കൈവശം വെച്ചത് നെതർലന്റ്സ് ആണെങ്കിലും കൂടുതൽ ഷോട്ടുകൾ ഉതിർത്തത് സെന​ഗലായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷവും ​ഗോളിനായുള്ള ശ്രമം ഇരു ടീമുകളും തുടർന്നു. ഒടുവിൽ അധിക സമയത്തിന്റെ അവസാന മിനിറ്റിൽ പകരക്കാരൻ ഡേവി ക്ലാസനിലൂടെ നെതർലന്റ്സ് രണ്ടാം ​ഗോൾ നേടി വിജയത്തിലേക്കെത്തുകയായിരുന്നു.

കളിയുടെ ആദ്യ പകുതി ​ഗോൾരഹിത സമനിലയായിരുന്നു. ആദ്യ പകുതിയിൽ ഹോളണ്ടും സെന​ഗലും ​ഗോളിനായുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയത്തിലെത്തിയില്ല. യഥാക്രമം ആറും അഞ്ചും ഷോട്ടുകളാണ് സെന​ഗലും ഹോളണ്ടും ആദ്യ പകുതിയിൽ ഉതിർത്തത്. തുല്യശക്തികളുടെ പോരാട്ടം തന്നെയായിരുന്നു ആദ്യ പകുതിയിൽ കണ്ടതെങ്കിൽ രണ്ടാം പകുതിയിൽ രണ്ട് ​ഗോളുകളിലൂടെ നെതർലന്റ്സ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇറാന് വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ അക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 31-ാം മിനിറ്റിലാണ് ആദ്യ ​ഗോൾ നേടിയത്. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഗോള്‍ കണ്ടെത്തിയ ഇംഗ്ലണ്ടിനെതിരെ ഇറാന് പിടിച്ചുനില്‍ക്കാനായില്ല. മത്സരത്തില്‍ ഇറാൻ നേടിയ രണ്ട് ഗോളുകള്‍ ടീമിന് എക്കാലവും ഓര്‍ത്തിരിക്കാവുന്നതാണ്.

ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ടഗോളുകളും ജൂഡ് ബെല്ലിങ്ഹാം, റഹീം സ്‌റ്റെര്‍ലിങ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജീക്ക് ഗ്രീലിഷ് എന്നിവര്‍ ഓരോ ഗോളുകള്‍ വീതവും നേടി. കളിയുടെ ആദ്യ പകുതിയില്‍ ഇറാന്റെ കൗണ്ടര്‍ അറ്റാക്കുകള്‍ കാര്യമായി ഏശിയില്ല. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകള്‍ പിറന്നത്. മത്സരത്തിന്റെ 65ാം മിനിറ്റില്‍ ഇറാന്‍ മുന്നേറ്റ നിരയിലെ മിന്നുംതാരം മെഹ്ദി തെരേമിയാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഇറാന്‍ രണ്ടാമത്തെ ഗോള്‍ സ്വന്തമാക്കിയത്.

Post a Comment

0 Comments