banner

88കാരനെ തട്ടിക്കൊണ്ടുപോയി ഒരു വർഷത്തോളം തടവിൽ പാർപ്പിച്ചു; ക്രൂരത സ്വത്ത് തട്ടിയെടുക്കാൻ, മൂന്ന് പേക്കെതിരെ കേസ്

കോഴിക്കോട് : വയോധികനെ തട്ടിക്കൊണ്ടുപോയി ഒരു വർഷം തടവിൽ പാർപ്പിച്ച് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് പേക്കെതിരെ കേസെടുത്തു. തൊണ്ടയാട് മാണിയാടത്ത് പറമ്പിൽ മാധവൻ നായരെ(88) യാണ് തട്ടിക്കൊണ്ട് പോയത്.

സംഭവത്തിൽ നിലമ്പൂർ സ്വദേശി ഹിഷാം, തൊണ്ടയാടത്ത് മാണിയാടത്ത് രാജു, തൊണ്ടയാടത്ത് മാണിയാടത്ത് മനോജ് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്.

മാധവൻ നായരെ ഹിഷാമിന്റെ രാരിച്ചൻ റോഡിലുള്ള വാടക വീട്ടിലാണ് തടവിൽ പാർപ്പിച്ചത്. ഭീഷണിപ്പെടുത്തി വ്യാജരേഖകൾ ഉണ്ടാക്കി ബാങ്ക് അക്കൗണ്ടിലെ പണവും പെൻഷൻഷനും തട്ടിയെടുത്തെന്ന് പരാതിയുണ്ട്.

മാധവൻ നായരെ ഭീഷണിപ്പെടുത്തി കോടതിയിൽ കള്ളകേസ് കൊടുപ്പിച്ചിരുന്നു. സ്വത്തുക്കൾ തട്ടിയെടുത്തെന്ന പേരിൽ ബന്ധുക്കൾക്കെതിരെയാണ് കേസ് നൽകിയത്. മാധവൻ നായരുടെ തൊണ്ടായാട് ബൈപ്പാസിലുണ്ടായിരുന്ന രണ്ടര കോടിയോളം വില വരുന്ന വസ്തു തട്ടിയെടുക്കാനായിരുന്നു പ്രതികൾ ശ്രമിച്ചത്.

പല തവണയായി കേസിനെ തുടർന്ന് എതിർ കക്ഷികൾ കോടതിയിൽ ഹാജരായപ്പോഴും മാധവൻ നായർ ഹാജരായില്ല. പരാതിക്കാരൻ നിർബന്ധമായും ഹാജരാകണം അല്ലെങ്കിൽ നാലുലക്ഷം രൂപ കെട്ടിവെക്കണം എന്ന് കോടതി ഉത്തരവിട്ടു. ഉത്തരവിനെ തുടർന്നാണ് പ്രതികൾ മാധവൻ നായരെ കോടതിയിൽ ഹാജരാക്കിയത്.

തട്ടിക്കൊണ്ട് പോയ മൂന്നംഗ സംഘത്തിലുണ്ടായിരുന്നു ഹിഷാമെന്നയാൾ കൊലപാതക കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഹൈക്കോടതിയിൽ റിട്ട് നൽകിയതിനെ തുടർന്ന് പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സബ് ജില്ല കോടതി കേസ് ജനുവരി പതിനാറിന് പരിഗണിക്കും.


Post a Comment

0 Comments