banner

സ്വകാര്യ ബാങ്കിലെ അക്കൗണ്ടില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

പ്രമുഖ സ്വകാര്യ ബാങ്കിലെ അക്കൗണ്ടില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.

പാരിപ്പള്ളി മുക്കട ചേരിയില്‍ ഫിറോസ് ഹൗസില്‍ ഹഫീസ് എന്ന 36-കാരനാണ് ഗള്‍ഫില്‍ നിന്ന് തിരികെ നാട്ടിലെത്തിയപ്പോള്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്‌ ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്.

ശക്തികുളങ്ങരയിലെ പ്രമുഖ സ്വകാര്യ ബാങ്കില്‍ നിന്ന് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സ്ഥിരനിക്ഷേപം നടത്തിയിരുന്ന 11 അക്കൗണ്ടുകളില്‍ നിന്നാണ് തിരിമറി നടത്തി പണം അപഹരിച്ചത്.

ശക്തികുളങ്ങര ശാഖയിലെ മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

കേസിലെ അഞ്ചാം പ്രതിയായ തിരുവനന്തപുരം വെമ്ബായം കൊഞ്ചിറ പോങ്കുന്നില്‍ സജീബ് മന്‍സിലില്‍ സാജിദിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുതുതായി ബാങ്കില്‍ നിയമിതനായ മാനേജര്‍ ശക്തികുളങ്ങര സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 
സ്ഥിരനിക്ഷേപമുണ്ടായിരുന്ന 11 അക്കൗണ്ടുകളില്‍ നിന്ന് രണ്ടു കോടിയോളം രൂപ ഉടമകള്‍ അറിയാതെ ഓവര്‍ ഡ്രാഫ്റ്റായി പ്രതികള്‍ വ്യാജമായി നിര്‍മിച്ച ഐ.ടി കമ്ബനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഈ പണം അഞ്ചുപേരും ചേര്‍ന്ന് വീതിച്ചെടുത്തു. ഇതുവഴി 2,12,39,329 രൂപയുടെ ബാധ്യതയാണ് ഇവര്‍ ബാങ്കിന് വരുത്തിയത്.

കേസിലെ ബാക്കി പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സിറ്റി പൊലീസ് മേധാവി മെറിന്‍ ജോസഫ് അറിയിച്ചു.

കൊല്ലം എ.സി.പി എ. അഭിലാഷിന്‍റെ മേല്‍നോട്ടത്തില്‍ നിലവില്‍ ശക്തികുളങ്ങര ഇന്‍സ്പെക്ടറുടെ ചാര്‍ജ് വഹിക്കുന്ന അഞ്ചാലൂംമൂട് ഇന്‍സ്പെക്ടര്‍ ധര്‍മജിത്തിന്‍റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ രാജേഷ്, അനില്‍കുമാര്‍, ബാബുക്കുട്ടന്‍, സി.പി.ഒമാരായ ഹാരോണ്‍, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments