പറയഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ മണിയുടെ മാതാപിതാക്കൾ തമിഴ്നാട്ടിൽ നിന്ന് കോഴിക്കോട്ടെത്തിയവരാണ്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു നൃത്തം പഠിക്കണമെന്ന മണിയുടെ ആഗ്രഹത്തിന് തടസ്സമായത്. എങ്കിലും യുട്യൂബ് നോക്കി നൃത്തം അഭ്യസിച്ച മണി ബി.ആർ.സി തലത്തിൽ നാടോടിനൃത്തത്തിൽ മത്സരിച്ച് ഒന്നാം സമ്മാനം നേടി. ജില്ലാതലത്തിലും, മലപ്പുറത്ത് നടന്ന സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനം മണിക്ക് തന്നെയായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് കലാധ്യാപകരുടെ ത്രിദിന ശിൽപശാലയിൽ മണിക്ക് ആദരം ലഭിച്ചു. പറയഞ്ചേരി യു.ആർ.സി പരിശീലകയായ സുവർണ ചന്ദ്രോത്തിൽ നിന്ന് മണിയുടെ കഥ കേട്ട് വേദിയിലുണ്ടായിരുന്ന നർത്തകിയും, നൃത്താധ്യാപികയുമായ അശ്വതി ശ്രീകാന്ത് തന്റെ നൃത്തവിദ്യാലയത്തിൽ മണിക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം നൽകുമെന്ന് അറിയിച്ചു. മണിയുടെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4:30 നാണ് നൃത്ത പരിശീലനം.
0 Comments