ഗുജറാത്തിൽ കോൺഗ്രസിനെ നിലംപരിശാക്കി 182ൽ 158 സീറ്റ് നേടിയാണ് ബി ജെ പി വിജയകുതിപ്പ് തുടരുന്നത്. കോൺഗ്രസിന് ആകെ ലഭിച്ചത് 16 സീറ്റുകൾ മാത്രം. വൻ മുന്നേറ്റമുണ്ടാക്കുമെന്ന് ഏറെ പ്രതീക്ഷ പുലർത്തിയ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടിയ്ക്കും ഇരട്ടസംഖ്യയിൽ പോലും എത്താനായില്ല.
അതേസമയം, ഹിമാചലിൽ മോദിപ്രഭാവത്തെ മറികടന്ന് ഹിമാചൽ പിടിച്ചെടുക്കാൻ കോൺഗ്രസിന് സാധിച്ചു. 68 അംഗ സഭയിലെ 39 സീറ്റ് നേടിയ കോൺഗ്രസിന് നേരിയ രീതിയിൽ ആശ്വസിക്കാനാകും. ബി ജെ പിയ്ക്ക് ലഭിച്ചത് 26ഉം. ആപ്പിന് ഹിമാചലിൽ അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ബി ജെ പി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാകും 2022ലെ നിയമസഭാതിരഞ്ഞെടുപ്പിലേത് എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടുകൾ. 2017ൽ 99 സീറ്റുകൾ മാത്രം നേടിയ ബി ജെ പി അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ 59 സീറ്റുകൾ കൂടുതൽ നേടിയാണ് ശക്തിപ്രകടിപ്പിച്ചിരിക്കുന്നത്. 55 ശതമാനം വോട്ട് വിഹിതവും ബി ജെ പിയിൽ തന്നെ എത്തിയിരിക്കുന്നു.
അതേസമയം, ഹിമാചലിൽ 2017ൽ 21 സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ 39 സീറ്റുകൾ നേടിയാണ് ബി ജെ പിയെ പിന്തള്ളിയത്. അതേസമയം, 2017ൽ 44 സീറ്റുകൾ നേടിയ ബി ജെ പിയ്ക്ക് ഇത്തവണ 18 സീറ്റുകൾ നഷ്ടമാവുകയും ചെയ്തു. ഹിമാചലിലെ 68 അംഗ വിധാൻ സഭയിൽ സർക്കാർ രൂപീകരിക്കുന്നതിനായി 35 സീറ്റുകളാണ് നേടേണ്ടത്.
നിലവിലെ ഭരണപാർട്ടിയെ പുറത്താക്കി മറ്റൊരു പാർട്ടിയെ അധികാരത്തിലേറ്റുന്ന, മൂന്ന് ദശാബ്ദമായി ഹിമാചലിൽ പിന്തുടർന്ന് പോകുന്ന പാരമ്പര്യം ഇത്തവണ ബി ജെ പി തകർക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങൾ. ഭരണപക്ഷമായ ബി ജെ പി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു കൂടുതൽ പ്രവചനങ്ങളും. എന്നാൽ അവസാനഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ 1985 മുതൽ തുടർന്നുവരുന്ന രീതിയിൽ നിന്ന് ഹിമാചലിലെ വോട്ടർമാർ പിന്നോട്ടുപോയില്ലെന്നാണ് വ്യക്തമാവുന്നത്.
ഗുജറാത്തിൽ ബി ജെ പി ആധിപത്യം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്നെ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഡിസംബർ 12നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പങ്കെടുക്കും.
0 Comments