banner

മൃഗശാലയിൽ ഒന്നരലക്ഷം വരെ വിലയുള്ള പക്ഷികളെ കാണാനില്ല; എലി പിടിച്ചെന്ന വാദവുമായി അധികൃതർ

തിരുവനന്തപുരം : നൂറ്റാണ്ടുകളുടെ പഴക്കവും പൈതൃകവുമുള്ള തലസ്ഥാന മൃഗശാലയിൽ പുതിയ മൃഗങ്ങളെ കൊണ്ടുവരുന്നില്ലെന്നും ഉള്ളവയ്ക്ക് പ്രായാധിക്യമേറിയെന്നുമുള്ള ആക്ഷേപം ശക്തമാവുന്നു. അവധി ആഘോഷിക്കാനെത്തുന്ന തദ്ദേശവിദേശ സഞ്ചാരികളടക്കമുള്ള കാഴ്ചക്കാർ മൃഗശാലയുടെ പരിസ്ഥിതി ആസ്വദിച്ച് മടങ്ങുകയാണ്. 

വൈവിദ്ധ്യമുള്ള മൃഗങ്ങളുടെ എണ്ണത്തിൽ കുറച്ചു വർഷങ്ങളായി വൻ കുറവ് സംഭവിച്ചിട്ടുണ്ട്. അടുത്തിടെ കൃഷ്ണമൃഗങ്ങൾ കൂട്ടത്തോടെ ചത്തിരുന്നു. ക്ഷയരോഗബാധ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സൺകോണൂർ വിഭാഗത്തിൽപ്പെട്ട പക്ഷികളെ കാണാതായതും വലിയ വിവാദമായിരുന്നു. ശലഭ പാർക്കിന് സമീപമുള്ള മക്കോവോ തത്തകളുടെ കൂട്ടിലെ പ്രത്യേക കൂട്ടിൽ പാർപ്പിച്ചിരുന്ന 22 സൺ കോനൂർ പക്ഷികളിൽ രണ്ടെണ്ണത്തെ എലി പിടിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. വിപണിയിൽ ഇവയ്ക്ക് 15,000 മുതൽ ഒന്നരലക്ഷം രൂപ വരെ വിലയുണ്ട്.

ഏപ്രിലിൽ കിങ്ങിണിയെന്ന സിംഹവാലൻ കുരങ്ങിന് പിന്നാലെ പുള്ളിമാനും ചത്തിരുന്നു.ഇതിന്റെ പോസ്റ്റ്‌മോർട്ടം ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ നടത്തിയെന്ന ആരോപണം ഉയർന്നതും വിവാദമായിരുന്നു. 50 ഏക്കർ വിസ്തൃതിയിലുള്ള മൃഗശാലയിൽ ഇന്ത്യൻ വംശജരും വിദേശികളുമായി നൂറിലേറ തരം ജീവികളുണ്ടായിരുന്നു. എന്നാലിന്ന് വൻ കുറവുണ്ട്. 

ജിറാഫും സീബ്രയും ആനയുമടക്കമുള്ളവ ഇല്ലാതായിട്ട് വർഷങ്ങളായി. ഇവയെ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. ഉള്ള ഒരു കാണ്ടാമൃഗവും പ്രായാധിക്യത്താൽ തളർച്ചയിലാണ്. പുള്ളിപ്പുലി, ഹിപ്പോപ്പോട്ടാമസ്,കാട്ടുപോത്ത്,വൈറ്റ് ടൈഗർ എന്നിവ ഒന്നോ രണ്ടോ മാത്രം. വൈറ്റ് ടൈഗറിന് ഒന്നിന് വാലില്ല. അവശേഷിക്കുന്ന ആൺ സിംഹത്തെ പ്രദർശനത്തിന് ഉപയോഗിക്കുന്നില്ല. ഒടുവിലെത്തിച്ച അഞ്ച് അനാക്കോണ്ടകളിൽ രണ്ടെണ്ണം ചത്തിരിന്നു. 2020ലെ സെൻട്രൽ സൂ അതോറിട്ടിയുടെ കണക്കനുസരിച്ച് 1204 പക്ഷിമൃഗാദികളാണ് അവശേഷിക്കുന്നത്.ഇതിൽ 2019-20 കാലഘട്ടത്തിൽ മാത്രം 85 എണ്ണം ചത്തിരുന്നു.

إرسال تعليق

0 تعليقات