മലപ്പുറം : തിരൂരിൽ മകന്റെ റൂമിന് പിതാവ് തീയിട്ടതായി പരാതി. തിരൂർ താലൂക്കര സ്വദേശി ബാബുവിന്റെ കിടപ്പ് മുറിക്ക് പിതാവ് അപ്പു തീയിടുകയായിരുന്നു. മരുമകളുടെ പരാതിയിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുടുംബ വഴക്കിനെ തുടർന്നാണ് അപ്പു ബാബുവിന്റെ കിടപ്പ് മുറിക്ക് തീയിട്ടത്. മുറിയിലുണ്ടായിരുന്ന മരുമകളും പേരകുട്ടിയും തീ പടരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തന്റെ പേരിലുള്ള രണ്ട് സെന്റ് സ്ഥലം ബാബുവിന്റെ പേരിൽ എഴുതി നൽകിയതായും ഇതിന് ശേഷം മരുമകളും, മകനും തന്നെ നോക്കുന്നില്ലെന്നുമാണ് അപ്പു നേരത്തെ പരാതി നൽകുകയും മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.
അപ്പുവിന്റെ പരാതിയിൽ മകൻ ബാബു എല്ലാ മാസവും 1500 രൂപ പിതാവിന് നൽകണമെന്ന് ആർഡിഒ ഉത്തരവിട്ടിരുന്നു. ബാബു എല്ലാ മാസവും തുക നൽകിവന്നെങ്കിലും അപ്പു ഇതിൽ തൃപതനായിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് ബാബുവിന്റെ കിടപ്പ് മുറിയുടെ ജനലിലൂടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. മരുമകളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.
0 Comments