banner

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു; മൂന്ന് യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

ന്യൂഡൽഹി : വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രത്തിന്റെ ശക്തമായ നടപടി. യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധപ്പെടുത്തിയ പല വീഡിയോകളും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട്ചെക്ക് വിഭാഗം കണ്ടെത്തിയതോടെയായിരുന്നു നടപടി. ന്യൂസ് ഹെഡ്‍ലൈൻസ്, സർക്കാരി അപ്ഡേറ്റ്, ആജ് തക് ലൈവ് എന്നീ യൂട്യൂബ് ചാനലുകളാണ് കേന്ദ്ര സർക്കാർ പൂട്ടികെട്ടിയത്. 33 ലക്ഷത്തോളം സബ്സ്ക്രൈബ‍ർമാരാണ് മൂന്ന് ചാനലുകളിലുമായി ഉണ്ടായിരുന്നത്. ഏകദേശം മൂന്ന് കോടി വ്യൂവർഷിപ്പും മൂന്ന് ചാനലുകൾക്കൂം കൂടി ഉണ്ടായിരുന്നതായി പി ഐ ബി അറിയിച്ചിട്ടുണ്ട്.

ഈ ചാനലുകളുടെ നാൽപ്പതിലധികം വീഡിയോകൾ പി ഐ ബിയുടെ ഫാക്ട്ചെക്ക് വിഭാഗം കണ്ടെത്തി. വ്യാജ വാർത്തകളിലൂടെ ഈ ചാനലുകൾ ധനസമ്പാദനം നടത്തുന്നതായും പി ഐ ബി കണ്ടെത്തി. വാർത്ത ആധികാരികമാണെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ടിവി ചാനലുകളുടെ ലോഗോകളും അവരുടെ വാർത്താ അവതാരകരുടെ ചിത്രങ്ങളും ഈ യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചു വരുകയായിരുന്നു. തെറ്റായ അവകാശവാദങ്ങളും വാ‍ർത്തകളും പ്രചരിപ്പിച്ചതിന്‍റെ പേരിൽ യൂട്യൂബ് ചാനലുകൾക്കെതിരെ പി ഐ ബി നടപടി ഇതാദ്യമാണ് എന്നതാണ് ശ്രദ്ധേയം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, രാഷ്ട്രപതി, രാഹുൽ ഗാന്ധി എന്നിവരുടെ ചിത്രങ്ങളടക്കം വച്ചുള്ള വ്യാജപ്രചരണമാണ് ഈ ചാനലുകൾ നടത്തി വന്നിരുന്നത്. വിവിധ സർക്കാർ പദ്ധതികൾ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM), കാർഷിക വായ്പ എഴുതിത്തള്ളൽ തുടങ്ങിയവയെ കുറിച്ച് തെറ്റായതും പ്രകോപനം ഉണ്ടാക്കുന്നതും ആയ അവകാശവാദങ്ങൾ പ്രചരിപ്പിച്ചു എന്നാണു കണ്ടെത്തൽ.

ഇനി ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിലൂടെ നടത്തുമെന്ന് സുപ്രീം കോടതി വിധിച്ചു എന്നതടക്കമുള്ള വ്യാജവാർത്തകളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് നടപടി എടുത്ത വിവരം പി ഐ ബി അറിയിച്ചത്. ബാങ്ക് അക്കൗണ്ടുകളും ആധാർ കാർഡുകളും പാൻ കാർഡുകളും ഉള്ളവർക്ക് കേന്ദ്ര സർക്കാർ പണം നൽകും, ഇവിഎമ്മുകൾ നിരോധിക്കുന്നു തുടങ്ങിയ വ്യാജ വാർത്തകളും ഈ ചാനലുകൾ പ്രചരിപ്പിച്ചു – പി ഐ ബി പറയുന്നു.

Post a Comment

0 Comments