banner

പതിനഞ്ച് വർഷം മുൻപ് ജയിൽ ചാടിയ കൊലക്കേസ് പ്രതി ബംഗാളിൽ നിന്നും പിടിയിലായി

കൊൽക്കത്ത : ഗോവയിലെ ജയിലിൽ നിന്നും പതിനഞ്ച് വർഷം മുൻപ് ജയിൽ ചാടിയ കൊലക്കേസ് പ്രതിയെ ബംഗാളിൽ നിന്നും പിടികൂടി. ജാക്സൺ ഡാഡലെന്ന ഗോവക്കാരനെയാണ് പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ ഒരു ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവിടെ റിസപ്ഷനിസ്റ്റായി ജോലി നോക്കുകയായിരുന്നു ഇയാൾ. ഹോട്ടലിൽ ജോലി ലഭിക്കാൻ നൽകിയ രേഖകളിൽ ഇയാൾ കൃത്രിമം നടത്തിയതായും കണ്ടെത്തി.

2005 ഏപ്രിൽ 23നാണ് ജാക്സൺ കാരൻസലേമിലെ അൽതീഞ്ഞോ നിവാസിയായ ഗോഡ്വിൻ ഡിസിൽവയെ കൊലപ്പെടുത്തിയത്. ജാക്സനൊപ്പം ഈ കേസിൽ റുഡോൾഫ് ഗോംസും അറസ്റ്റിലായിരുന്നു. മർഗോ ജയിലിൽ വിചാരണ തടവുകാരായി കഴിയവേയാണ് ജാക്സൺ ജയിൽ ചാടിയത്. ജാക്സൺ ഡാഡലും റുഡോൾഫ് ഗോമസും ഇവിടെയുണ്ടായിരുന്ന മറ്റ് 12 പ്രതികളും ജയിൽ വാതിലുകൾ തകർത്താണ് രക്ഷപ്പെട്ടത്. ജയിൽ ചാടിയവരെ കുറിച്ചുള്ള അന്വേഷണത്തിൽ ജാക്സനായി പലയിടത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
എന്നാൽ അപ്രതീക്ഷിതമായി ജാക്സൺ പുർബ മേദിനിപൂർ ജില്ലയിലെ ദിഘ ടൗണിലുണ്ടെന്ന സൂചന ഗോവ പൊലീസിന് അടുത്തിടെ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യമായി പ്രതിയെ കുറിച്ച് അന്വേഷിക്കുന്നതിനായി ഒരു ടീമിനെ അയക്കുകയായിരുന്നു. ഡിവൈഎസ്പി സൂരജിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ബംഗാളിൽ എത്തിയത്. രാജീവ് കഷപ് എന്ന പേരിലാണ് ജാക്സൺ ബംഗാളിൽ ആൾമാറാട്ടം നടത്തിയത്. ഇതിനൊപ്പം ജനനതീയതിയിലടക്കം മാറ്റം വരുത്തിയിരുന്നു.

Post a Comment

0 Comments