banner

ചലച്ചിത്ര സംവിധായകൻ കെ.പി. ശശി അന്തരിച്ചു

തൃശ്ശൂർ : സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.പി. ശശി (64) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവ് കെ. ദാമോദരന്റെ മകനായിരുന്നു. ഇലയും മുള്ളും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് കെ.പി. ശശി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിൽക്കഴിയുകയായിരുന്നു കെ.പി. ശശി. കേരളത്തിന്റെ ഡോക്യുമെന്ററി മേഖലയിൽ നിർണായകമായ സംഭാവനകൾ നൽകിയ സംവിധായകനായിരുന്നു അദ്ദേഹം. നിരവധി സാമൂഹിക പ്രശ്നങ്ങളാണ് അദ്ദേഹം ഡോക്യുമെന്ററികളിലൂടെ സമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത്. റെസിസ്റ്റിങ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡെവലപ്മെന്റ് അറ്റ് ​ഗൺപോയിന്റ്, ഫാബ്രിക്കേറ്റഡ് എന്നിവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്ററികൾ.

1970-കളിൽ ജവഹർലാൽ നെഹ്രു സർവകലാശാലയിൽ പഠിക്കുന്ന സമയം മുതലേ കലാപ്രവർത്തനം തുടങ്ങി. കാർട്ടൂണുകളായിരുന്നു ആദ്യം. പിന്നീട് ഡോക്യുമെന്ററികളിലേക്കും സിനിമകളിലേക്കും പതിയെ ചുവടുമാറ്റുകയായിരുന്നു. സംവിധായകനെന്നതിലുപരി മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. കേരളത്തിനകത്തും പുറത്തും വിവിധ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും ഏർപ്പെട്ട വ്യക്തിത്വമാണ് കെ.പി. ശശി.

Post a Comment

0 Comments