banner

ദളിതരുടെ മുടിവെട്ടിയാല്‍ 5000 രൂപ പിഴ, മുടിവെട്ടാന്‍ കയറിയ ദളിത് യുവാവിനെ ഇറക്കിവിട്ട് സലൂണ്‍ ഉടമ, അറസ്റ്റ്

ചെന്നൈ : ദളിതരുടെ മുടിവെട്ടാന്‍ വിസമ്മതിച്ച സലൂണ്‍ ഉടമ അറസ്റ്റില്‍. തഞ്ചാവൂരിലാണ് സംഭവം.കീഴമംഗലം ഗ്രാമത്തിലെ വീരമുത്തു എന്നയാളാണ് അറസ്റ്റിലായത്. തന്റെ സലൂണില്‍ മുടിവെട്ടാന്‍ കയറിയ ദളിത് യുവാവിനെ വീരമുത്തു ഇറക്കി വിടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇതന് പിന്നാലെയാണ് പൊലീസ് നടപടി. ഇയാള്‍ക്കെതിരെ പട്ടികവിഭാഗക്കാര്‍ക്കുനേരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം കേസെടുത്തു. ദളിതരുടെ മുടി വെട്ടേണ്ട എന്ന് പഞ്ചായത്തിന്റെ തീരുമാനമുണ്ടെന്ന് വീരമുത്തു പൊലീസിനോട് പറഞ്ഞു.

ഈ തീരുമാനം പട്ടികവിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ ഒന്നിച്ചുകൂടിയെടുത്തതാണെന്നും തീരുമാനം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയിടാനും നിര്‍ദേശമുണ്ടായിരുന്നുവെന്നും വീരമുത്തു പറഞ്ഞു. അതേസമയം, പലചരക്കുകടകളില്‍നിന്ന് ദളിതര്‍ക്ക് സാധനങ്ങള്‍ നല്‍കരുതെന്ന് പഞ്ചായത്ത് തീരുമാനിച്ചതായും’ വീരമുത്തു പൊലീസിനോട് പറഞ്ഞു.

നേരത്തെ കീഴമംഗലത്ത് കടുത്ത ജാതി വിവേചനം നടക്കുന്നുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ഇവിടുത്തെ ചായക്കടകളില്‍ ദളിതര്‍ക്കായി പ്രത്യേകം ഗ്ലാസുകള്‍ വെച്ചിട്ടുണ്ടെന്നും പലചരക്കുകടകളില്‍ ദളിതര്‍ക്ക് സാധനങ്ങള്‍ നിഷേധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ ടി രാജേന്ദ്രന്‍ പരാതി നല്‍കിയിരുന്നു.

Post a Comment

0 Comments