banner

കൊതുകിനെ തുരത്താൻ കൂട്ടിയ തീയിൽ നിന്ന് തീപ്പൊരി പാറി പെട്രോളിൽ വീണ് യുവാവ് തീപൊള്ളലേറ്റ് മരിച്ചു

പാലോട് : കാറ്റിൽ തീപടർന്ന് പെട്രോളിൽവീണ് തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ആദിവാസി യുവാവ് മരിച്ചു. നന്ദിയോട് ഇളവട്ടം നീർപ്പാറ വീട്ടിൽ അഭിലാഷ് ആണ് മരിച്ചത്. 40 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. ലോറി ഡ്രൈവർകൂടിയായ അഭിലാഷ് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചുള്ള ജോലിയും ചെയ്ത് വരികയായിരുന്നു.

കാടുവെട്ടുന്ന യന്ത്രത്തിൽ അഭിലാഷ് പെട്രോൾ നിറയ്ക്കവേ, സമീപത്ത് കൊതുകിനെ തുരത്താൻ കൂട്ടിയ പുകയിൽനിന്നു കാറ്റടിച്ച് പെട്രോളിൽ തീപ്പൊരി വീഴുകയായിരുന്നു. നിമിഷ നേരംകൊണ്ട് തീ ആളിപ്പടർന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അഭിലാഷിന്റെ ശരീരത്തിലേയ്ക്കും പെട്രോൾ വീഴുകയും തീ പടർന്നു പിടിക്കുകയുമായിരുന്നു.

കൂടെയുണ്ടായിരുന്ന മകനോടു സമീപത്തേക്കു വരരുതെന്ന് വിളിച്ചുപറഞ്ഞശേഷം അഭിലാഷ് സമീപത്തെ കുളത്തിലേക്കു ചാടാൻ ശ്രമിച്ചെങ്കിലും കാലിൽ വള്ളി ചുറ്റി സമീപത്ത് തീറ്റപ്പുല്ല് കൂട്ടിയിട്ടിരുന്നയിടത്തേക്കു വീഴുകയായിരുന്നു. ഇതോടെ തീ വലിയ അഗ്നിഗോളമായി. ഇവിടെനിന്നുരുണ്ട് കുളത്തിൽ വീണെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

പഞ്ചായത്തംഗമെത്തി ആംബുലൻസ് വിളിച്ചെങ്കിലും ഉൾഭാഗത്തെ ആദിവാസി ഊരായതിനാൽ എത്താനും വൈകി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉമാ മഹേശ്വരിയാണ് അഭിലാഷിന്റെ ഭാര്യ. അഭിഷേക്, അഭിജിത്, അഖിൽ എന്നിവർ മക്കളാണ്.

Post a Comment

0 Comments