banner

കോടതിയിൽ പോലീസിനെ പ്രതിയാക്കി ഗ്രീഷ്മ; ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്ന് മൊഴി

തിരുവനന്തപുരം : പാറശാല ഷാരോൺ വധക്കേസിൽ പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്ന് ഒന്നാം പ്രതി ഗ്രീഷ്മ. അമ്മയേയും അമ്മാവനെയും പ്രതികളാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെയുള്ള തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രതി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയോട് പറഞ്ഞു.

റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രതിയെ ഹാജരാക്കിയത്. പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ഷാരോണിനെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയതാണെന്നായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി.
അതേസമയം, പ്രതി മൊഴി മാറ്റിയത് അന്വേഷണത്തെ ബാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴി വീഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 14നാണ് ഗ്രീഷ്മ നൽകിയ കഷായം ഷാരോൺ കുടിച്ചത്. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട യുവാവ്, ചികിത്സയിലിരിക്കെ ഒക്‌ടോബർ 25നാണ് മരിച്ചത്.

Post a Comment

0 Comments