ആഭ്യന്തര യാത്രക്ക് മൂന്നര മണിക്കൂര്‍ മുമ്ബ് തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണമെന്ന് ഇന്‍ഡിഗോ ഉത്തരവിറക്കി.
വിമാനത്താവളത്തിനകത്തെ തിരക്ക് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതോടെയാണ് നടപടി. ഏഴ് കിലോ വരെയുള്ള ഒരു ഹാന്‍ഡ് ബാഗ് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ഇന്‍ഡിഗോ അറിയിച്ചു. സുരക്ഷാ പരിശോധന വേഗത്തിലാക്കാന്‍ ഇതുസഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവളത്തില്‍ നടപടികള്‍ക്ക് കാലതാമസം നേരിടുന്നുവെന്ന പരാതിയുമായി യാത്രക്കാര്‍ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച പല യാത്രക്കാര്‍ക്കും മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടിയും വന്നു. പലരും എയര്‍പോര്‍ടിന്റെ മൂന്നാം ടെര്‍മിനലിലെ തിരക്ക് കാണിച്ച് കൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു. വിമാനത്താവള അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച നടത്തുകയും തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിമാന കംപനികളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
0 Comments