banner

'ഭരണഘടനയെ രക്ഷിക്കാൻ പ്രധാനമന്ത്രിയെ കൊല്ലൂ': കോൺഗ്രസ് നേതാവിന്റെ പരാമർശം വിവാദത്തിൽ

ഭോപ്പാല്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജാ പടേരിയയുടെ പരാമര്‍ശം വിവാദത്തില്‍.

''ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയെ കൊല്ലണമെന്നായിരുന്നു പടേരിയയുടെ പ്രസ്താവന. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി.എന്നാല്‍ മോദിയെ തോല്‍പ്പിക്കണം എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പടേരിയ വ്യക്തമാക്കി.

ഗ്രാമപ്രദേശമെന്ന് തോന്നിക്കുന്ന സ്ഥലത്ത് ചെറിയൊരു കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന പടേരിയെയാണ് വീഡിയോയില്‍ കാണുന്നത്. 'മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ മോദി ജനങ്ങളെ ഭിന്നിപ്പിക്കും.ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും ഭാവി അപകടത്തിലാണ്.നിങ്ങള്‍ക്ക് ഭരണഘടനയെ രക്ഷിക്കണമെങ്കില്‍ മോദിയുടെ 'ഹത്യ'യ്ക്ക് തയ്യാറാവുക. ഹത്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദേഹത്തെ പരാജയപ്പെടുത്തുക എന്നതാണ്'' പടേരിയ പറഞ്ഞു.

കൊലപാതകം കൊണ്ട് ഉദ്ദേശിച്ചത് തെരഞ്ഞെടുപ്പ് മത്സരത്തില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുകയാണെന്ന് പിന്നീട് പടേരിയ വിശദീകരിച്ചു. മഹാത്മാഗാന്ധിയുടെ അഹിംസയുടെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ് താനെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ മോദിയെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജയുടെ പ്രസ്താവനയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എസ്.പിക്ക് നിര്‍ദേശം നല്‍കുന്നതായി മുതിര്‍ന്ന ബി.ജെ.പി നേതാവും ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്ര പറഞ്ഞു.മഹാത്മാഗാന്ധിയുടേതല്ല, മുസ്സോളിനിയുടേതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസെന്ന് തെളിയിക്കുന്നതാണ് രാജയുടെ പ്രസ്താവനയെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

മുന്‍ എംഎല്‍എ കൂടിയാണ് രാജ പടേരിയ. 1998ല്‍ ഹട്ട നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.1998 മുതല്‍ 2003 വരെ ദിഗ്‌വിജയ സിംഗ് സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്നു.നിലവില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്.2014ല്‍ മധ്യപ്രദേശിലെ ഖജുരാഹോ സീറ്റില്‍ നിന്നാണ് രാജ പടേരിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.

Post a Comment

0 Comments