banner

കൊല്ലം എമിഗ്രേഷന്‍ ചെക്ക്‌ പോയിന്റ്‌; സൗകര്യങ്ങളില്‍ സംതൃപ്‌തി

എമിഗ്രേഷന്‍ ചെക്ക്‌ പോയിന്റിനായി കൊല്ലം തുറമുഖത്ത്‌ ഇതുവരെ ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങളില്‍ മതിപ്പ്‌ രേഖപ്പെടുത്തി എഫ്‌ആര്‍ആര്‍ഒ ഓഫീസര്‍.

തിരുവനന്തപുരം ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അരവിന്ദ്‌ മേനോനാണ്‌ കഴിഞ്ഞദിവസം തുറമുഖത്തെത്തിയത്‌.

എമിഗ്രേഷന്‍ ചെക്ക്‌ പോയിന്റിനായി ഒരുക്കിയ ആറ്‌ കൗണ്ടറും അനുബന്ധ സൗകര്യങ്ങളും ഗേറ്റ്‌ ഓഫീസും 100 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമുള്ള വാര്‍ഫ്‌, 16,000 സ്‌ക്യര്‍ മീറ്റര്‍ കപ്പാസിറ്റിയുള്ള ഓപ്പണ്‍ യാര്‍ഡ്‌, 1450 സ്ക്വയര്‍ മീറ്റര്‍ കപ്പാസിറ്റിയുള്ള രണ്ട് ഗോഡൗണ്‍, പാസഞ്ചര്‍ കം കാര്‍ഗോഷിപ് ടെര്‍മിനല്‍ എന്നീ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി. പാസഞ്ചര്‍ കപ്പല്‍ ഇല്ലാത്ത സമയത്ത് കാര്‍ഗോഷിപ്പുകളെ തീരത്തേക്ക് അടുപ്പിക്കാന്‍ കഴിയുംവിധമാണ് ടെര്‍മിനല്‍ നിര്‍മാണം.

കൊച്ചി തുറമുഖത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ കൊല്ലം തുറമുഖത്ത്‌ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനും മാരിടൈം ബോര്‍ഡിനും കഴിഞ്ഞെന്നാണ്‌ എഫ്‌ആര്‍ആര്‍ഒ ഓഫീസറുടെ വിലയിരുത്തലെന്ന്‌ പോര്‍ട്ട്‌ ഓഫീസര്‍ സിജോ ഗോര്‍ഡിയസ്‌ പറഞ്ഞു. 7.5 മീറ്റര്‍ ആഴവും 179 മീറ്റര്‍ നീളവുമുള്ള കൊല്ലം തുറമുഖത്ത്‌ വലിയ കപ്പലുകള്‍ക്ക് ബര്‍ത്ത് ചെയ്യാമെന്ന വലിയ സാധ്യതയും അദ്ദേഹം തുറമുഖം ഓഫീസര്‍മാരുമായി പങ്കുവച്ചു. അതിനിടെ എമിഗ്രേഷന്‍ ചെക്ക്‌ പോയിന്റ്‌ അനുവദിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒടുവില്‍ നിര്‍ദേശിച്ച സൗകര്യങ്ങളും തുറമുഖത്ത്‌ ഒരുക്കിവരുന്നു. തുറമുഖത്തിന്റെ 44 ഏക്കറില്‍ കമ്ബിവേലി സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. സംസ്ഥാന വ്യവസായ സംരക്ഷണസേനയില്‍നിന്ന് രണ്ടുപേരെ നിയമിക്കുന്നതിനും 44 ഏക്കര്‍ ചുറ്റളവില്‍ നിരോധിത മേഖല എന്ന ബോര്‍ഡും കൂടുതല്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കുന്നതിനുമുള്ള നടപടി അന്തിമഘട്ടത്തിലാണ്‌.


Post a Comment

0 Comments