banner

കോവളത്ത് വിദേശ വനിതയെ കൊല ചെയ്ത സംഭവം: പ്രതികൾക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ ലഹരിവസ്തു നല്‍കി ബലാത്സംഗം ചെയ്ത് പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. 1,65,000 രൂപയാണ് പിഴ. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്.നിങ്ങൾ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതികളോട് കോടതി ചോദിച്ചിരുന്നു. ഞങ്ങൾക്ക് ജീവിക്കണമെന്ന് പറഞ്ഞ പ്രതികൾ കുറ്റബോധമുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും പറഞ്ഞു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാഹചര്യതെളിവ് മാത്രമുള്ള കേസാണ് ഇതെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം, പ്രായം, വിദ്യാഭ്യാസം എന്നിവ കണക്കിലെടുത്ത് പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിദേശ വനിത കേരളത്തിൽ ആക്രമിക്കപ്പെടുന്നത് ആദ്യമല്ല. പക്ഷേ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നത് അപൂർവ്വമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.

Post a Comment

0 Comments