banner

‘ക്ഷണം കിട്ടിയവര്‍ ആസ്വദിക്കട്ടെ’; മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതില്‍ പരിഭവമില്ല; ഗവർണർ

ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രി ക്ഷണിക്കാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരുന്നിന് ക്ഷണം ലഭിച്ചവര്‍ പോകട്ടെ, ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്.മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു.(doesnot mind invitation for cm’s xmas treat- governor)

ഇന്ന് ഉച്ചക്ക് മസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്‌ വിരുന്ന് നടക്കുക.ഗവ‍‍‍ര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്. നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.

ബഫർ സോൺ പരാതി കിട്ടിയിട്ടില്ല.കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്ക് കൈമാറും.നയപരമായ കാര്യങ്ങൾ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ കാര്യമാണ്.ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടത് സർക്കാർ ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചാൻസലർ സ്ഥാനത്തു നിന്നും മാറ്റിയ ബിൽ തന്‍റെ മുന്നിൽ വന്നിട്ടില്ല.വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ പെട്ടതിനാൽ സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമിക്കാൻ ആവില്ല.നിയമനുസൃതമായ ഏതു ബിൽ ആണെങ്കിലും ഒപ്പിടും.അല്ലെങ്കിൽ ഒപ്പിടാനാകില്ലെന്നും ഗവർണർ പറഞ്ഞു.

Post a Comment

0 Comments