banner

കേന്ദ്രമന്ത്രിയെ വാനോളം പ്രശംസിച്ച് മുസ്ലിം ലീഗ് എം.പി; അബ്ദുൽ വഹാബിനോട് വിശദീകരണം തേടി നേതൃത്വം

മലപ്പുറം : ബിജെപി മന്ത്രിമാരെ പുകഴ്ത്തിയ രാജ്യസഭാ എം പി പി വി അബ്ദുൽ വഹാബിനെ തള്ളി മുസ്ലിം ലീഗ്. പരാമർശത്തോട് യോജിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഏതു സാഹചര്യത്തിലാണ് പരാമർശം എന്നതിനെക്കുറിച്ച് വഹാബിനോട് വിശദീകരണം തേടുമെന്നും മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വാർത്തക്കുറിപ്പ് ഇപ്രകാരമാണ്- ” കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയിൽ പി വി അബ്ദുൽ വഹാബ് എംപി നടത്തിയ പരാമർശത്തോടെ പാർട്ടി യോജിക്കുന്നില്ല. ഏതു സാഹചര്യത്തിലാണ് പ്രസ്തുത പരാമർശം എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കും. ”

വഹാബിന്റെ പരാമർശത്തിൽ മുസ്ലിം ലീഗിൽ അതൃപ്തി രൂക്ഷമാണ്. സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗം ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനുശേഷമാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുള്ളത്.

വഹാബിന്റെ വ്യക്തി താൽപര്യവും പാർട്ടി താൽപര്യങ്ങളും രണ്ടാണെന്ന് ആക്ഷേപം മുൻപ് തന്നെ പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. വി മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും പുകഴ്ത്തിക്കൊണ്ടുള്ള വഹാബിന്റെ പരാമർശം കൂടി ഉണ്ടായതോടെ വഹാബിനെതിരെ മുസ്ലിം ലീഗിനുള്ളിൽ നിന്ന് തന്നെ കുറ്റപ്പെടുത്തൽ ശക്തമായി. കോൺഗ്രസിന്റെ ഭാഗത്തുള്ള സമ്മർദ്ദം കൂടി വന്നതോടെ മുസ്ലിം ലീഗ് നേതാക്കൾക്ക് വഹാബിനെതിരെ പരസ്യപ്രസ്താവന പുറപ്പെടുവിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ആ സാഹചര്യത്തിലാണ് സാദിഖലി ശിഹാബ് തങ്ങൾ തന്നെ നേരിട്ട് വഹാബിനോട് വിശദീകരണം ചോദിക്കുമെന്ന് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

വഹാബിന്റെ പരാമർശത്തിൽ മുസ്ലിം ലീഗ് ആദ്യം നിലപാട് പറയട്ടെ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിവാദത്തിൽ പ്രതികരിച്ചത്.

വഹാബ് പറഞ്ഞത് ഇങ്ങനെ

കേന്ദ്ര മന്ത്രിമാരായ വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പ്രശംസിച്ച് രാജ്യസഭയിൽ ആണ് പി വി അബ്ദുൽ വഹാബ് സംസാരിച്ചത്. വി. മുരളീധരൻ ഡൽഹിയിൽ കേരളത്തിന്റെ അംബാസഡറാണെന്ന് രാജ്യസഭയിൽ ധനവിനിയോഗ ബില്ലിൽ നടന്ന ചർച്ചയിൽ വഹാബ് അഭിപ്രായപ്പെട്ടു.

മന്ത്രി രാജീവ് ചന്ദ്രശേഖർ വൈദഗ്ധ്യ വികസനത്തിൽ ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആയിരുന്നു പി വി അബ്ദുൽ വഹാബ് പറഞ്ഞത്. ” താങ്കൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റേത് ശൂന്യമാകുമായിരുന്നുവെന്ന് ” മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാർട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, കേരളത്തിൽ വരുമ്പോൾ ആവശ്യമില്ലാത്ത ചില പരാമർശങ്ങൾ അദ്ദേഹം കേരള സർക്കാറിനെ കുറിച്ച് നടത്താറുണ്ടെന്നും വഹാബ് പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് എംപിമാർക്കെതിരെയും നേരത്തെ പി വി അബ്ദുൽ വഹാബ് എംപി വിമർശനം ഉന്നയിച്ചിരുന്നു. ഏകീകൃത സിവിൽകോഡ് ബിൽ അവതരിപ്പിക്കുന്ന സമയത്ത് കോൺഗ്രസ് അംഗങ്ങൾ സഭയിൽ ഇല്ലാതിരുന്നത് തനിക്ക് വിഷമം ഉണ്ടാക്കിയെന്നായിരുന്നു അബ്ദുൽ വഹാബ് എം പി പറഞ്ഞത്. ബില്ലിനോടുള്ള സിപിഎം നിലപാട് വിശ്വസിക്കാൻ കഴിയില്ലെന്നും പ്രത്യേക താല്പര്യങ്ങൾ ഉള്ളതിനാലാണ് സിപിഎം ഇങ്ങനെയൊരു നിലപാടെടുത്തതെന്നും മുസ്ലിം ലീഗ് എംപി വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments