കണ്ണൂര്‍ : തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും, താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളടക്കം ഉന്നയിച്ച് സുധാകരനെ മാറ്റാനുള്ള നീക്കങ്ങള്‍ തള്ളിക്കൊണ്ടാണ് സുധാകരന്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്. അതേസമയം, പ്രസിഡണ്ടായുള്ള പ്രഖ്യാപനം വൈകുന്നതില്‍ സുധാകരനും, സുധാകരന്റെ ശൈലിയില്‍ എതിര്‍വിഭാഗങ്ങള്‍ക്കും അതൃപ്തിയുണ്ട്. അനാരോഗ്യം ഉന്നയിച്ച് വെട്ടാനുള്ള പാര്‍ട്ടിയിലെ നീക്കങ്ങളാണ് സുധാകരന്‍ തള്ളുന്നത്. അനാരോഗ്യ പരാതി തള്ളാന്‍ കെപിസിസി അധ്യക്ഷന്റെ ജിമ്മിലെ വര്‍ക്കൗട്ടിന്റെ വീഡിയോയും ഫോട്ടോയും കഴിഞ്ഞ ദിവസം അനുയായികള്‍ പുറത്തുവിട്ടിരുന്നു.
പാര്‍ട്ടിയില്‍ അന്തിമവാക്കാകേണ്ട പ്രസിഡണ്ട് മിക്ക സമയവും അനാരോഗ്യം കാരണം സജീവമാകുന്നില്ലെന്നാണ് പരാതി. ഇടക്കുള്ള ചില പ്രസ്താവനകള്‍ പാര്‍ട്ടിയെയും മുന്നണിയെ കടുത്ത വെട്ടിലാക്കുന്നുവെന്നാണ് അടുത്ത പ്രധാന പരാതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡണ്ടിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ എംപിമാരാണ്. കഴിഞ്ഞ ദിവസം ചില എംപിമാര്‍ സുധാകരനെതിരായ വികാരം ഹൈക്കമാന്‍ഡിനെയും അറിയിച്ചിരുന്നു. തലമുറമാറ്റം പറഞ്ഞ് കെ എസിനൊപ്പം കൈകൊടുത്ത് പ്രതിപക്ഷനേതാവായ വിഡി സതീശനും പ്രസിഡണ്ടുമായി അകല്‍ച്ചയിലാണ്. പരസ്യമായി തള്ളുന്നില്ലെങ്കിലും നിയമസഭയില്‍ സര്‍ക്കാറിനെ താന്‍ വെട്ടിലാക്കുമ്പോഴും സംഘടനാതലത്തില്‍ കാര്യമായ പിന്തുണയും പുരോഗതിയും ഇല്ലെന്നാണ് സതീശന്റെ അഭിപ്രായം.
0 Comments