Latest Posts

മരത്തിൽ നിന്ന് വീണ് നട്ടെല്ല് തകരാറിലായി; 62 കാരനായ അബ്ദുൽ കലാമിന് ഇനി പത്തനാപുരം ഗാന്ധിഭവൻ തണലൊരുക്കും

കൊല്ലം : മരത്തിൽ നിന്ന് വീണ് നട്ടെല്ല് തകർന്നു കിടപ്പിലായ 62 വയസ്സുള്ള അബ്ദുൽ കലാമിനെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. അവിവാഹിതനായ അബ്ദുൽ കലാം മൂന്നു വർഷങ്ങൾക്കു മുമ്പാണ് മരത്തിൽ നിന്ന് വീണത്. ബന്ധുവായ ഫാത്തിമുത്തിന്റെ ആശ്രയത്തിലാണ് നാളിതുവരെ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ ദുരിത ജീവിതമറിഞ്ഞ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജനുമായി വിവരങ്ങൾ കൈമാറിയത് അനുസരിച്ച് അബ്ദുൽ കലാമിനെ ഏറ്റെടുക്കുവാൻ ഗാന്ധിഭവൻ തയ്യാറാവുകയായിരുന്നു.

കൊല്ലം കോർപ്പറേഷൻ കരിക്കോട് ഡിവിഷൻ കൗൺസിലർ സുജാ കൃഷ്ണന്റെ വാർഡിലെ പ്രഭാത് ഹൗസ്, ശക്തി നഗർ 21 ലാണ് അബ്ദുൽ കലാമിന് ആശ്രയം നൽകിയിരുന്നത്. പത്തനാപുരം ഗാന്ധിഭവനിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് ജനപ്രതിനിധികളുടെയും, അയൽവാസികളുടെയും സാന്നിധ്യത്തിൽ ഗാന്ധിഭവൻ സ്നേഹാലയം പി ആർ ഓ ഷിബു റാവുത്തറിന്റെ നേതൃത്വത്തിൽ 
 ഗാർഫി വനിത കൺവീനർ റാണി നൗഷാദ്, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഡിവിഷൻ കൗൺസിലർ സുജാ കൃഷ്ണൻ, സൈക്കോളജിസ്റ്റ് കൗൺസിലർ അനിത സുനിൽ, കടപ്പാക്കട മുസ്ലിം ജമാഅത്ത് ഭാരവാഹികളായ പ്രസിഡന്റ് നാസറുദ്ദീൻ, സൽമാൻ ഖാസിമി, സിവിൽ ഡിഫൻസ് സേനാംഗങ്ങളായ നഹാസ് കൊരണ്ടി പള്ളി, ജങ്കിഷ് ഖാൻ, മുഖത്തല സുഭാഷ്,സുനീർ നിസ്മോ 
എന്നിവർ ചേർന്ന് പത്തനാപുരം ഗാന്ധിഭവനിലേക്ക് അബ്ദുൽ കലാമിനെ യാത്രയാക്കി. കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി. സ്വാതി ഗാന്ധിഭവൻ ഭാരവാഹികൾക്ക് നന്ദി അറിയിച്ചു.

0 Comments

Headline