banner

പിപിഇ കിറ്റ് അഴിമതി: കെകെ ശൈലജയ്‌ക്കെതിരായ ലോകായുക്ത അന്വേഷണത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി

എറണാകുളം : കൊറോണ കാലത്തെ പിപിഇ കിറ്റ് അഴിമതിയില്‍ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത നടപടികൾ തടയണമെന്ന മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി അടക്കമുള്ളവരുടെ ഹർജികൾ തള്ളിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബ‌ഞ്ചിന്‍റെ ഉത്തരവ്. മുൻമന്ത്രി കെ കെ ശൈലജ അടക്കം 11 പേർ രണ്ടാഴ്‌ചയ്ക്കകം ലോകായുക്ത നോട്ടിസിന് മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.

കൊറോണ കാലത്ത് ടെൻ‍ഡർ ഇല്ലാതെ പിപിഇ കിറ്റ് അടക്കമുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് ലോകായുക്ത അന്വേഷണം. കോൺഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിൽ മുൻ മന്ത്രി കെ കെ ശൈലജ, മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ എന്നിവര്‍ അടക്കമുള്ള 11 പേർക്ക് പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ലോകായുക്ത നോട്ടിസ് നൽകിയിരുന്നു.

ഈ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഖോബ്രഗഡെ അടക്കമുള്ളവർ കോടതിയെ സമീപിച്ചത്. അഴിമതിയും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഹർജികൾ തള്ളുകയായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്നും നേരത്തെ ഹർജികൾ പരിഗണിക്കവെ കോടതി വിമർശന സ്വരത്തിൽ പറഞ്ഞിരുന്നു.

നിലവിലുള്ള വിലയേക്കാൾ പിപിഇ കിറ്റ് അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ മൂന്നിരട്ടി വിലയ്ക്ക് വാങ്ങി അഴിമതി നടത്തിയെന്നായിരുന്നു പരാതി.

Post a Comment

0 Comments