കഴിഞ്ഞ 29ാം തിയതി മുതല്‍ റിജില്‍ ഒളിവിലാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ ഫണ്ട് തട്ടിപ്പിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചിരിക്കുന്നത്. തനിക്ക് മാത്രമല്ല പങ്ക്. പണമിടപാടില്‍ പങ്കാളികള്‍ ആയ എല്ലാവര്‍ക്കെതിരെയും അന്വേഷണം വേണം. ബാങ്ക് ഉന്നതരും കോര്‍പ്പറേഷന്‍ അധികാരികളും ഗൂഡാലോചന നടത്തിയെന്നും റിജില്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
ബാങ്കില്‍ നിന്നും പണം പിന്‍വലിക്കണം എങ്കില്‍ മൂന്ന് ഘട്ടത്തില്‍ ഉള്ള പരിശോധനകള്‍ നടത്തും. ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടത്താവുന്ന തട്ടിപ്പ് അല്ല. താന്‍ സ്ഥലം മാറിയതിനു ശേഷം ആണ് തട്ടിപ്പ് നടന്നതെന്നും റിജിലിന്റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് വ്യാഴാഴ്ച വിധി പറയാനായി കേസ് മാറ്റിവച്ചിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പ് നടന്ന കോഴിക്കോട് ലിങ്ക് റോഡ് ശാഖയില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി വരികയാണ്. അന്വേഷണ ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥരും സംയുക്തമായി രേഖകള്‍ പരിശോധിക്കുകയാണ്. തട്ടിപ്പ് സംബന്ധിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കും കോര്‍പ്പറേഷനും കണ്ടെത്തിയ തുകയില്‍ പൊരുത്തക്കേട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംയുക്ത പരിശോധന.
15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പറേഷന്റെ പരാതി. 12 കോടിയാണ് ബാങ്ക് പുറത്ത് വിടുന്ന കണക്ക്. ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ഇതുവരെ നടന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്ക്, കോര്‍പറേഷന്‍ എന്നിവയുടെ രേഖകള്‍ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും.
അതേസമയം, തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എംപി റിജിലിന്റെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ ഈ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
0 Comments