നവംബർ 26നാണ് സിദ്ധാർഥിനെ വീട്ടു മുറ്റത്ത് നിൽക്കവെ പാമ്പ് കടിച്ചത്. ഉടനടി തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാമ്പിൻ വിഷബാധക്കെതിരെ എഎസ്വി കുത്തിവെയ്പ്പ് ഉടനെയെടുത്തു. എന്നാൽ പിന്നീട് രോഗിക്ക് മൈക്രോ ആഞ്ചിയോ പതിക് ഹീമോളിറ്റിക് അനീമിയ എന്ന അവസ്ഥ ഉണ്ടാവുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലാവുകയുമായിരുന്നു. ഉടൻ തന്നെ ഡയാലിസിസ് നടത്തി.
16 തവണ ഡയാലിസിസ് ചികിത്സ നടത്തിയാണ് വൃക്കകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കിയത്. ഇതിനിടെ ഉഗ്രവിഷം കാരണം തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുകയും ശ്വാസകോശത്തിൽ കടുത്ത ന്യൂമോണിയ ബാധ കൂടുകയും ചെയ്തതോടെ ആരോഗ്യ നില വഷളായി. കൂടാതെ ശ്വാസകോശത്തിൽ കടുത്ത നീർക്കെട്ടുമുണ്ടായി. തുടർന്ന് വെന്റില്ലേറ്ററിലേക്ക് മാറ്റി അതിതീവ്ര പരിചരണം നൽകി വരികയായിരുന്നു.
രോഗം പൂർണ്ണമായും ഭേദമായതിനെ തുടർന്ന് സിദ്ധാർത്ഥിനെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തു. മികച്ച ചികിത്സയും പരിചരണവും നൽകി സിദ്ധാർഥിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
0 Comments