വിഎസിനെ അനുകൂലിക്കുന്നവരെയും വിധി പ്രതിരോധത്തിലാക്കിയിരുന്നു. അസുഖബാധിതനായതിനാൽ വിഎസിന് കോടതിയിൽ നേരിട്ട് ഹാജരായി തന്റെ നിലപാട് പറയാൻ കഴിഞ്ഞിരുന്നില്ല. അഭിമുഖത്തിന്റെ ശരിപ്പകർപ്പ് കോടതിയിൽ ഹാജരാക്കാൻ ഉമ്മൻചാണ്ടിക്കും കഴിഞ്ഞില്ല. സാങ്കേതികമായ ഇത്തരം നിരവധി പ്രശ്നങ്ങള്‍ കോടതിയുടെ ശ്രദ്ധയിപ്പെടുത്തുന്നതിന് അഭിഭാഷകന് വീഴ്ചയുണ്ടായെന്നാണ് വർഷങ്ങളോളം വിഎസിനൊപ്പം വിവിധ കേസുകളുടെ പിന്നിൽ പ്രവർത്തിച്ചവർ പറയുന്നത്. വി.എസിന് വേണ്ടി കേസുകള്‍ വാദിക്കുന്ന ചെറുന്നിയൂർ ശശിധരൻ നായരാണ് കേസിൽ ഹാജരായത്. 2014ലാണ് ഉമ്മൻചാണ്ടി കേസ് നൽകുന്നത്. വർഷങ്ങൾ നീണ്ട കേസ് നടത്തിപ്പിന് ശേഷമാണ് കോടതി വിധിയുണ്ടായത്.
സോളാര്‍ കമ്പനിയുടെ പിറകില്‍ ഉമ്മന്‍ചാണ്ടിയാണെന്നും, സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോടികള്‍ തട്ടിയെന്നും 2013 ജൂലായ് 6ന് ഒരു ചാനല്‍ അഭിമുഖത്തില്‍ വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞതിനെതിരായിരുന്നു കേസ്. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങള്‍ കോടതിയിൽ തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് പത്തു ലക്ഷം രൂപ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. സബ് കോടതി മുതൽ സുപ്രീംകോടതി വരെ വിവിധ കേസുകള്‍ നടത്തി പരിചയമുണ്ടായിരുന്ന വിഎസിന് രോഗാവസ്ഥയിലുണ്ടായ ഒരു തിരിച്ചടിയായി ഇത്.
0 Comments