banner

ലൈം​ഗിക ബന്ധം നിഷേധിച്ച വിദ്യാഥിനിയെ പരീക്ഷയിൽ തോൽപ്പിച്ചു; യൂണിവേഴ്സിറ്റി പ്രൊഫസർ പിടിയിൽ


രാജസ്ഥാൻ : ലൈം​ഗിക ബന്ധത്തിന് വിസമ്മതിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ പരീക്ഷയിൽ തോൽപ്പിച്ച യൂണിവേഴ്സിറ്റി പ്രൊഫസർ അറസ്റ്റിൽ. രാജസ്ഥാൻ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ സീനിയർ പ്രൊഫസറാണ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. ഇയാൾ പരാതിക്കാരിയായ പെൺകുട്ടിയെ നിരന്തരം ലൈം​ഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. വഴങ്ങാതിരുന്നതോടെ പരീക്ഷയിൽ തോൽപ്പിച്ചു. ഇതിനിടെ, വിദ്യാർത്ഥിനിയെക്കുറിച്ച് വൃത്തികെട്ട ഭാഷയിൽ ഒരു വിദ്യാർത്ഥിയോട് പ്രൊഫസർ സംസാരിക്കുന്നതിന്റെ ഓഡിയോ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് പെൺകുട്ടി പൊലീസിനെ സമീപിച്ചത്.

ലൈം​ഗിക ബന്ധത്തിന് വഴങ്ങണമെന്ന് വിദ്യാർത്ഥിനിയോട് നേരിട്ട് ആവശ്യപ്പെട്ടതിനു പുറമെ, മറ്റൊരു വിദ്യാർത്ഥി വഴിയും പ്രൊഫസർ അറിയിച്ചു. ഈ ആവശ്യം നിരസിച്ചപ്പോൾ അടുത്ത പരീക്ഷയിൽ വിദ്യാർത്ഥിനി തോൽപ്പിക്കപ്പെട്ടു. തുടർന്ന്, പ്രൊഫസറുടെ ഇംഗിതത്തിന് വഴങ്ങണമെന്ന നിലയിൽ വലിയ സമ്മർദ്ദം വിദ്യാർത്ഥിനി അനുഭവിക്കേണ്ടി വന്നു എന്നും പരാതിയിൽ പറയുന്നു. പിന്നാലെ പ്രൊഫസറെയും പ്രൊഫസറെ സഹായിച്ച വിദ്യാർത്ഥിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഈ പ്രൊഫസർക്കെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നതായി പറയുന്നുണ്ട്. പരാതിക്കിടയായ സംഭവത്തിൽ, അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയോടാണ് പ്രൊഫസർ ലൈംഗികമായി ബന്ധപ്പെടണമെന്ന് നിരന്തരം ആവശ്യപ്പെട്ടത്. നേരിട്ട് പറഞ്ഞപ്പോൾ ഇയാളുടെ ആവശ്യം വിദ്യാർത്ഥിനി നിരസിക്കുകയായിരുന്നു. തുടർന്ന്, ഇയാൾ വിദ്യാർത്ഥിനിയെ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി മുഴക്കി. പറഞ്ഞതുപോലെ തന്നെ അടുത്ത പരീക്ഷയിൽ വിദ്യാർത്ഥിനി തോൽപ്പിക്കപ്പെട്ടു.

തുടർന്നാണ്, ക്ലാസിലെ ഒരു വിദ്യാർത്ഥി വഴി ഇയാൾ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചത്. വിദ്യാർത്ഥിനി ഈ ആവശ്യവും നിരസിച്ചതോടെ കൂടുതൽ ഭവിഷ്യത്തുണ്ടാവുമെന്ന് പ്രൊഫസർ വീണ്ടും ഭീഷണി മുഴക്കി. അതിനിടെയാണ്, ഒരു വിദ്യാർത്ഥിയുമായി പ്രൊഫസർ നടത്തിയ സംഭാഷണത്തിന്റെ വാട്ട്‌സാപ്പ് ഓഡിയോ പ്രചരിച്ചത്. ഇതോടെ പൊലീസിനു മേൽ നടപടി എടുക്കാനുള്ള സമ്മർദ്ദം ഉയർന്നു. തുടർന്നാണ്, പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മറ്റ് വിദ്യാർത്ഥിനികളോടും സമാനമായ ആവശ്യം പ്രൊഫസർ ഉയർത്തിയതായി പരാതിയിൽ പറയുന്നുണ്ട്. തുടർന്ന് പൊലീസ് ഈ വിദ്യാർത്ഥിനിയുടെയും, അവരുടെ പരാതിയിൽ പരാമർശിക്കുന്ന മറ്റൊരു വിദ്യാർത്ഥിനിയുടെയും മൊഴി എടുത്തു. സംഭവത്തിൽ പ്രൊഫസറെ വിവിധ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതായി ഡി സി പി അമർ സിംഗ് രാഥോഡ് മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments