banner

സംസ്ഥാനത്ത് മദ്യമൊഴുക്കാന്‍ സര്‍ക്കാരിന്റെ തീവ്ര ശ്രമം നടക്കുന്നതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെകെ അബ്ദുൽ ജബ്ബാർ

തിരുവനന്തപുരം : ലഹരി മലയാളികളെ കാര്‍ന്നു തിന്നുമ്പോഴും മലബാര്‍ ബ്രാണ്ടിയെന്ന പേരില്‍ പുതിയ ബ്രന്‍ഡുകളിറക്കി ജനങ്ങളെ മദ്യത്തില്‍ ആറാടിക്കാന്‍ ശ്രമിക്കുന്ന ഇടതു സര്‍ക്കാരിന്റെ ലഹരി വിരുദ്ധത കാപട്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ ലഹരിയുടെ പിടിയിലമര്‍ന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നതിനിടെയാണ് മദ്യലഭ്യത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് തലമുറയോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിന് ധൂര്‍ത്തടിക്കാന്‍ മദ്യം വിറ്റായാലും ഏതു വിധേനയും പണമുണ്ടാക്കണമെന്ന ആര്‍ത്തി മാത്രമാണ്.പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്ന് പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. അടുത്ത ഓണത്തിന് മദ്യം വിപണിയിലെത്തിക്കാനാണ് നീക്കം. മേനോന്‍പാറയിലെ 110 ഏക്കര്‍ സ്ഥലത്ത് 70,000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാല്‍ കോടി രൂപയാണ് ഒന്നാം ഘട്ടമായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പുതിയ ഡിസ്റ്റിലറികള്‍ സ്ഥാപിച്ചും ഉല്‍പ്പാദനം വര്‍ധിപ്പിച്ചും മദ്യം വര്‍ജ്ജനം എങ്ങിനെ നടപ്പാക്കുമെന്ന് സര്‍ക്കാരും സിപിഎമ്മും വിശദീകരിക്കാന്‍ തയ്യാറാവണം.

കോടികളുടെ ലഹരി സംസ്ഥാനത്തേക്കൊഴുകുന്നത് സര്‍ക്കാരിന്റെയും ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒത്താശയോടെയാണെന്നാണ് പുറത്തുവരുന്ന വിവരം. ലഹരി കേസില്‍ പിടിക്കപ്പെടുന്നവര്‍ ഉടന്‍ തന്നെ ജാമ്യത്തില്‍ ഇറങ്ങുന്നതും സംശയം ശരിവെക്കുന്നു. കൊറോണ വ്യാപനം തടയാന്‍ റൂട്ട് മാപ്പ് തയ്യാറാക്കിയ അധികൃതര്‍ക്ക് ലഹരിയുടെ വരവ് നിയന്ത്രിക്കാന്‍ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയാത്തത് പരിഹാസ്യമാണ്. ജനങ്ങളോട് അല്‍പ്പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ തലമുറയെ നശിപ്പിക്കുന്ന ലഹരി വ്യാപനം തടയാനും മദ്യ ഉല്‍പ്പാദനം അടിയന്തരമായി നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ കെ അബ്ദുൽ ജബാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments