banner

ഹെഡ്‌സെറ്റ് വാങ്ങി കൊടുത്തില്ല; തുണി കഴുകുന്നതിനിടെ, 10 വയസുകാരന്‍ അമ്മയെ വെടിവച്ച് കൊന്നു

വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് വാങ്ങി കൊടുക്കാത്തതിന് 10 വയസുകാരന്‍ അമ്മയെ വെടിവച്ച് കൊന്നു. നവംബര്‍ 21ന് മില്‍വാക്കിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. രാവിലെ തുണി കഴുകുന്നതിനിടയിലാണ് ക്വിയാന മാന്‍ എന്ന 44 കാരി മകന്റെ വെടിയേറ്റ് മരിച്ചത്.

അമ്മയുടെ ബെഡ്‌റൂമില്‍ യാദൃച്ഛികമായി തോക്ക് കണ്ടു എന്നും അബദ്ധത്തില്‍ തന്റെ കയ്യില്‍ നിന്നും വെടി പൊട്ടുകയും അമ്മ മരിക്കുകയും ചെയ്തു എന്നാണ് കുട്ടി പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് അവന് അത് തിരുത്തി പറയേണ്ടി വരികയായിരുന്നു. അബദ്ധത്തില്‍ വെടി പൊട്ടിയാവണം സ്ത്രീ മരിച്ചത് എന്ന് കരുതിയ പോലീസ് അവനെ വീട്ടുകാര്‍ക്കൊപ്പം അയച്ചു.

എന്നാല്‍, അവന്റെ ആന്റി അവന്റെ കയ്യില്‍ പല താക്കോലുകള്‍ക്കൊപ്പം തോക്ക് വച്ചിരുന്ന സ്ഥലത്തെ താക്കോലും കണ്ടപ്പോള്‍ അവനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അമ്മയെ താന്‍ മനപ്പൂര്‍വം കൊന്നതാണെന്ന് കുട്ടി സമ്മതിക്കുന്നത്. മാത്രമല്ല, അതില്‍ അവന് യാതൊരു വിഷമമോ പശ്ചാത്താപമോ തോന്നിയിരുന്നില്ല.

കൊലപാതകം നടന്ന് ഒരു ദിവസത്തിന് ശേഷം, അവന്‍ അമ്മയുടെ ആമസോണ്‍ അക്കൗണ്ട് ഉപയോഗിച്ച് പത്തായിരത്തിനും നാല്‍പതിനായിരത്തിനും ഇടയില്‍ വിലയുള്ള ഹെഡ്സെറ്റും ഓര്‍ഡര്‍ ചെയ്തു. അതേ ദിവസം തന്നെ അവന്‍ തന്റെ ഏഴ് വയസുള്ള കസിനെ ഉപദ്രവിക്കുകയുമുണ്ടായി.

ഇതോടെ വീട്ടുകാര്‍ ഈ സംഭവങ്ങളെല്ലാം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അവനെ വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോള്‍ താന്‍ അമ്മയെ മനപ്പൂര്‍വം വെടിവച്ച് കൊന്നതാണ് എന്ന് അവന്‍ സമ്മതിക്കുകയായിരുന്നു.

അതേസമയം, ഈ കുട്ടി നേരത്തെ ഇത്തരത്തിലുള്ള അപകടകരമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. വളര്‍ത്തുമൃഗത്തെ ഉപദ്രവിക്കുക, ബലൂണില്‍ അപകടകരമായ ദ്രാവകം നിറച്ച് തീ കൊടുക്കുക ഇങ്ങനെ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്.

കുട്ടിക്ക് മാനസികമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. അവന്‍ ചിലപ്പോള്‍ ആരോ തന്നോട് സംസാരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട് എന്ന് വീട്ടുകാരോട് പറയാറുണ്ടായിരുന്നുവത്രെ.

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ചിലപ്പോള്‍ കുട്ടികളെ മുതിര്‍ന്നവരെ പോലെ കണക്കാക്കി വിചാരണ ചെയ്യുകയും ശിക്ഷ വധിക്കുകയും ചെയ്യാറുണ്ട്. ഈ 10 വയസുകാരനെയും മുതിര്‍ന്നവനായി കണക്കാക്കിയാണ് വിചാരണ ചെയ്തത്. എന്നാല്‍, കുട്ടിയായി കണ്ട് അവനെ പരിഗണിക്കണം എന്ന് കുട്ടിയുടെ അഭിഭാഷകര്‍ വാദിച്ചു.

Post a Comment

0 Comments