banner

ടൈറ്റാനിയം ജോലിത്തട്ടിപ്പ് കേസ്: ശശി കുമാരൻ തമ്പിയിലേക്ക് പിടിമുറുക്കി പോലീസ്

തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തുടർ നടപടികളുമായി പോലീസ്. ലീഗൽ ഡിജിഎം ശശി കുമാരൻ തമ്പിയുടെ ലാപ്‌ടോപ്പ് പോലീസ് പിടിച്ചെടുത്തു. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലാപ്‌ടോപ്പിൽ ഉണ്ടെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. നിലവിൽ ശശികുമാരൻ തമ്പി ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് തുടരുന്നുണ്ട്.

ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കഴിഞ്ഞ ദിവസം നിർണായക വിവരങ്ങൾ പുറത്തു വന്നിരുന്നു. കേസിൽ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായർ അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ പേർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വേളിയിലെ ടൈറ്റാനിയം പ്ലാന്റിൽ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് ദിവ്യ നായരും സംഘവും പലരിൽ നിന്നും കോടികൾ തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭർത്താവ് രാജേഷ്, ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി, ഇയാളുടെ സുഹൃത്തുക്കളായ പ്രേംകുമാർ, ശ്യാംലാൽ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

15 കോടിയോളം രൂപ പലരിൽ നിന്നായി വാങ്ങിയെന്നാണ് ദിവ്യ പോലീസിനോട് വെളിപ്പെടുത്തിയത്. ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങൾ ദിവ്യയുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2018 മുതൽ പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മാസം 75,000 രൂപ ശമ്പളത്തിലാണ് ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ പ്രതികൾ ജോലി വാഗ്ദാനം ചെയ്തിരുന്നത്. വാഗ്ദാനം വിശ്വസിച്ച് പലരും ലക്ഷക്കണക്കിന് രൂപ പ്രതികൾക്ക് നൽകിയിരുന്നു.

Post a Comment

0 Comments