കൊല്ലം : ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍. അടിയന്തരയോഗം ചേര്‍ന്ന് ഹ്രസ്വ-ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. തടാകത്തിന്റെ സ്ഥിതിവിവരം പരിശോധിക്കുന്നതിനായി സന്ദര്‍ശനം നടത്തവെയാണ് സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള പദ്ധതികളുടെ സാധ്യതകള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കിയത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സാന്നിദ്ധ്യത്തില്‍ തടാകം സംരക്ഷണത്തിനുള്ള പുതുമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
ശാസ്താംകോട്ട ക്ഷേത്രക്കടവ്, കോളേജ്‌റോഡ്, പുന്നമൂട് കായല്‍ ബണ്ട്, ആദിക്കാട് തുടങ്ങിയ സ്ഥലങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. ജലവിതരണ പദ്ധതിക്കായി ഇറക്കിയ പൈപ്പുകളിലെ മാലിന്യം തടാകത്തില്‍ കലരുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ജലത്തിന്റെ സാംപിള്‍ വിനിയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
കായല്‍സംരക്ഷണത്തിനായി വേലികെട്ടല്‍, ടൂറിസം വികസനം, റവന്യു ഭൂമിസംരക്ഷണം, മാലിന്യപ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും പരിശോധന നടത്തി. ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗീത, തഹസില്‍ദാര്‍മാരായ എസ്.ചന്ദ്രശേഖര്‍, സുനില്‍ ബേബി, ശാസ്താംകോട്ട ഡി.വൈ.എസ്.പി എസ്.ഷരീഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
0 Comments