Latest Posts

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിലേക്ക് നടന്നു കയറി; ആരാധകരെ ഞെട്ടിച്ച് ദുബായ് കിരീടാവകാശി, ചിത്രങ്ങള്‍ വൈറല്‍

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ ടോപ്പിലേക്ക് നടന്നു കയറി ലോകത്തെ ഞെട്ടിച്ച് ദുബായ് കിരീടാവകാശി. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി ചിത്രത്തിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 160-ാം നിലയിലേക്ക് നടന്നു കയറിയത് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആരാധകരെ അറിയിച്ചത്.

ബാക്ക്പാക്കും ഫിറ്റ്നസ് ഗിയറും ധരിച്ച് താഴെനിന്ന് നടത്തം തുടങ്ങുന്നതിന്റെ വീഡിയോയും പിന്നീട് മുകളിലെത്തിയതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 10 ലേറെ പേരടങ്ങുന്ന സംഘത്തോടൊപ്പം 37മിനുട്ടും 38സെക്കന്‍ഡും സമയമെടുത്താണ് അദ്ദേഹം കയറ്റം പൂര്‍ത്തിയാക്കിയത്.

സാഹസികതയില്‍ അദ്ഭുതങ്ങള്‍ തീര്‍ക്കുന്ന ദുബായ് കിരീടാവകാശി ബുര്‍ജ് ഖലീഫ കീഴടക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ സൈബര്‍ലോകം ഏറ്റെടുത്തുകഴിഞ്ഞു. നിരവധിപേരാണ് ശൈഖ് ഹംദാനെ അഭിനന്ദിച്ച് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

ബുര്‍ജ് ഖലീഫയുടെ 160-ാം നില പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലമാണ്. ഏറ്റവും പുതിയ നിരീക്ഷണ കേന്ദ്രമായ ദി ടോപ്പ് സ്‌കൈ ഫ്‌ലോര്‍ 148-ലും യഥാര്‍ത്ഥ അറ്റ് ദ ടോപ്പ് ഒബ്‌സര്‍വേറ്ററി 124-ാം നിലയിലുമാണ് സ്ഥിതി ചെയ്യുന്നത്.

അതേസമയം, 2020 ഡിസംബറില്‍ ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറി, 828 മീറ്റര്‍ ഉയരമുള്ള ഉച്ചിയില്‍ നിന്ന് വീഡിയോ പകര്‍ത്തിയും അദ്ദേഹം ജനങ്ങളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

VIDEO LINK : VIDEO LINK

0 Comments

Headline