banner

വിദ്യാർത്ഥിയുടെ ബാഗില്‍ നിന്ന് ഇ-സിഗരറ്റ് കണ്ടെടുത്തതോടെ നടത്തിയ പരിശോധനയിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തൃശ്ശൂര്‍ : സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരിഉപയോഗം കൂടുന്നതിനിടെ വ്യാപകമാവുകയാണ് ഇ-സിഗരറ്റും. കാഴ്ചയിൽ മിഠായി പോലെയിരിക്കുന്ന ഇവ പെട്ടെന്ന് സംശയത്തിന് ഇടയാക്കുന്നില്ല എന്നതാണ് വിദ്യാർത്ഥികളുടെ ധൈര്യം. തൃശൂർ നഗരത്തിലെ രണ്ട് കടകളില്‍നിന്നായി ഇ-സിഗരറ്റുകളുടെ വൻശേഖരമാണ് പിടികൂടിയത്. പടിഞ്ഞാറെക്കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേസ്റ്റാന്‍ഡിലെ ടൂള്‍സ് ടാറ്റു സെന്റര്‍ എന്നിവിടങ്ങളിലാണ് ഇവ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ടൗണ്‍ വെസ്റ്റ്, ഈസ്റ്റ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിയില്‍നിന്ന് രക്ഷിതാക്കള്‍ ഇ-സിഗരറ്റ് കണ്ടെടുത്തതും ഈ വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. രക്ഷിതാക്കള്‍ വിദ്യാര്‍ഥിയുടെ ബാഗ് പരിശോധിച്ചപ്പോളാണ് ബാഗില്‍നിന്ന് ഇ-സിഗരറ്റ് കണ്ടെടുത്തത്. ആദ്യനോട്ടത്തില്‍ മിഠായിയാണെന്ന് തോന്നിയെങ്കിലും വിശദമായി പരിശോധിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തതോടെ സാധനം ഇലക്ട്രോണിക് സിഗരറ്റാണെന്ന് ബോധ്യപ്പെട്ടു. നഗരത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ഇതിന്റെ വില്പനയുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. ഇതോടെ രക്ഷിതാക്കള്‍ ഈ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കടകളില്‍നിന്നായി ഇ-സിഗരറ്റിന്റെ വന്‍ശേഖരമാണ് കണ്ടെടുത്തത്. 2500 രൂപ വരെ ഈടാക്കിയായിരുന്നു ഇതിന്റെ വില്പന. ഇന്ത്യയില്‍ ഇ-സിഗരറ്റ് ഇറക്കുമതി ചെയ്യുന്നതും വില്പന നടത്തുന്നതും നിരോധിച്ചതാണ്. ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇ-സിഗരറ്റ് ഒരുതവണ ഉപയോഗിച്ചാല്‍ കുട്ടികള്‍ ഇതിന് അടിമപ്പെടുമെന്ന് ആരോഗ്യപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments