banner

സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് കുറഞ്ഞു; ഭക്തർക്ക് ദർശനം ഇനി മൂന്ന് നാൾ കൂടി മാത്രം


ഇത്തവണത്തെ ശബരിമല തീർത്ഥാടനമവസാനിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് കുറഞ്ഞു.

വലിയ നടപ്പന്തലിലെ തീർത്ഥാടകരുടെ നീണ്ട നിര ഞായറാഴ്ച്ച ഉച്ചയോടെ അവസാനിച്ചു.ഈ മാസം പത്തൊമ്പത് വരെയാണ് സന്നിധാനത്ത് ഭക്തർക്ക് ദർശനത്തിനവസരം ലഭിക്കുക.

സന്നിധാനത്തേക്കെത്തുന്ന ഭക്തർ ആവശ്യാനുസരണം സമയമെടുത്ത് അയ്യപ്പനെ കൺനിറയെ കണ്ട് മനം നിറഞ്ഞാണ് മടങ്ങുന്നത്. തിരക്കൊഴിഞ്ഞ ദർശന ഭാഗ്യത്തിനൊപ്പം കൗണ്ടറുകളിൽ നിന്ന് വലിയ കാത്ത് നിൽപ്പില്ലാതെ ആവശ്യാനുസരണം അപ്പവും അരവണയും വാങ്ങി മടങ്ങാനും ഭക്തർക്കാവുന്നുണ്ട്.

ഇത്തവണത്തെ മകര ജ്യോതി ദർശനത്തിനും മകര സംക്രമ പൂജക്കും ഭക്തരുടെ അഭൂതപൂർവ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മകരവിളക്കാഘോഷത്തിന് ശേഷവും ഞായറാഴ്ച്ച ഉച്ചവരെ ഇടമുറിയാതെ ഭക്തരുടെ തിരക്കനുഭവപ്പെട്ടിരുന്നു.

ഭക്തരുടെ തിരക്കൊഴിഞ്ഞതോടെ സന്നിധാനവും പരിസരവും ശുചീകരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സന്നിധാനത്ത് പടി പൂജ നടന്നു.

വലിയ നടപ്പന്തലിൽ കാത്ത് നിൽക്കാതെ പതിനെട്ടാംപടിയിലെ തിക്കും തിരക്കും ഒഴിഞ്ഞ് അയ്യപ്പ സന്നിധിയിലെത്തി ദർശന സായൂജ്യമണഞ്ഞ് മടങ്ങുന്നതിൻ്റെ സംതൃപ്തിയാണ് ഭക്തർക്കുള്ളത്.

Post a Comment

0 Comments