banner

തെരുവുനായയ്ക്ക് ആഹാരം കൊടുക്കുന്നതിനിടെ 25കാരിയെ ഇടിച്ച് തെറിപ്പിച്ച് കാര്‍, നിര്‍ത്താതെ പോയി!; മരണത്തോട് മല്ലടിച്ച് യുവതി

ചണ്ഡീഗഢ് : വീടിന് സമീപം തെരുവുനായയ്ക്ക് ഭക്ഷണം നൽകുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ 25കാരിയെ ഇടിച്ചു തെറിപ്പിച്ചു. ചണ്ഡീഗഢിൽ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കാറിടിച്ച് തലയ്ക്ക് ഗുരുതരപരിക്കേറ്റ തേജശ്വിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അതേസമയം, ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

അപകടസമയത്ത് അമ്മ മഞ്ജീന്ദർ കൗറും തേജശ്വിതയ്ക്ക് ഒപ്പമുണ്ടായിരുന്നു. നായകൾക്ക് ഇവർ ഭക്ഷണം നൽകുന്നത് പതിവായിരുന്നു. ശനിയാഴ്ച വീടിനടുത്തുള്ള ഫുട്പാത്തിന് സമീപത്താണ് ഇവർ നായകൾക്ക് ഭക്ഷണം നൽകിയത്. ഇതിനിടെയായിരുന്നു കാർ പാഞ്ഞെത്തിയത്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽ തേജശ്വിത നായയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കാണാം. അതേസമയത്ത് സമാന്തരമായ റോഡിലൂടെ ഒരു എസ് യു വി വേഗത്തിൽ വരുന്നതും കാണാം.

വളവ് കഴിഞ്ഞ് തേജശ്വിത നിൽക്കുന്ന റോഡിലേക്ക് തിരിഞ്ഞ വാഹനം തേജശ്വിതയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ സഹായത്തിനായി പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ഒന്നും നിർത്തിയില്ല.

ഒടുവിൽ പോലീസിന്റെ സഹായം തേടിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ആർക്കിടെക്ചറിൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു തേജശ്വിത. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്.

Post a Comment

0 Comments