banner

ഒരു കോടി വിലയുള്ള സമ്മാനം അയയ്ക്കാനായി കസ്റ്റംസ് ഡ്യൂട്ടി; ഫേസ്ബുക്ക് സുഹൃത്തിനെ വിശ്വസിച്ച് യുവതി നൽകിയത് എട്ടര ലക്ഷം രൂപ! അറസ്റ്റ്

പാലക്കാട് : ഒരു കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്നും പറഞ്ഞ് കസ്റ്റംസ് ഡ്യൂട്ടി നൽകാൻ പണം വേണമെന്നും ധരിപ്പിച്ച് യുവാവ് തട്ടിയത് ലക്ഷങ്ങൾ. അമ്പരപ്പിക്കുന്ന തട്ടിപ്പിൽ യുവാവ് അറസ്റ്റിലായി. ഫേസ്ബുക്ക് സുഹൃത്ത് തന്നെ കബളിപ്പിച്ച് പണം തട്ടിയെന്ന യുവതിയുടെ പരാതിയിന്മേൽ ആണ് യുവാവ് പിടിയിലായത്. യുവതിക്ക് എട്ടര ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്.

മുംബൈ ജിടിബി നഗർ സ്വദേശി ദിപേഷ് സന്തോഷ് മാസാനി എന്നയാളെയാണ് പാലക്കാട് കസബ പോലീസിന്റെ പിടിയിലായത്. പുതുശ്ശേരി കുരുടിക്കാട് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. ആദ്യം സ്വീകരിച്ചിരുന്നില്ല.

പിന്നീട് സ്ഥിരമായി സന്ദേശം അയച്ച് യുവതിയെ യുവാവ് തന്റെ വലയിൽ വീഴ്ത്തുകയായിരുന്നു. യുവതിയെ കാണാൻ നാട്ടിലേക്ക് വരുന്നുണ്ടെന്നും അപ്പോൾ നേരിൽ കാണാമെന്ന ഉറപ്പും നൽകി. അതേസമയം, താൻ നാട്ടിലേക്ക് വരുന്നതിനു മുൻപായി ഒരു കോടി രൂപ വിലപിടിപ്പുള്ള സമ്മാനം നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചു. കസ്റ്റംസിന്റെ കൈയിൽ നിന്നും അത് നേരിട്ട് വാങ്ങണമെന്ന് പറഞ്ഞ ഇയാൾ, ആ സമ്മാനം കൈപ്പറ്റാൻ കസ്റ്റംസിന് പണം അടക്കേണ്ടി വരുമെന്നും യുവതിയെ പറഞ്ഞ് ധരിപ്പിച്ചു.

ആദ്യം യുവതി മടിച്ചെങ്കിലും കോടിക്കണക്കിന് രൂപ വിലയുള്ള സമ്മാനമാണ് താൻ യുവതിക്കായി നാട്ടിലേക്ക് അയച്ചിരിക്കുന്നത് എന്നും അതുകൊണ്ട് 8.5 ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ല എന്ന് ഇയാൾ വിശ്വസിപ്പിച്ചതോടെ യുവതി സമ്മതം അറിയിക്കുകയായിരുന്നു. ഇതിനിടെ കസ്റ്റംസ് ഓഫീസിൽ നിന്നാണെന്നും പറഞ്ഞ് മറ്റൊരാൾ വിളിച്ചു. നിങ്ങൾക്ക് സ്വർണവും വജ്രവും അടങ്ങിയ സമ്മാനമുണ്ടെന്നും എട്ടര ലക്ഷം രൂപ നൽകണമെന്നും അറിയിച്ചു.

ഈ കോളിൽ വിശ്വസിച്ച യുവതി രണ്ട് അക്കൗണ്ടുകളിലായി നാല് തവണകളായി യുവതി 8,55,500 രൂപ അയച്ചു കൊടുത്തു. എന്നാൽ അതിനുശേഷം യാതൊരു വിവരവും ഉണ്ടായില്ല. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ശേഷം, യുവതി കസബ പോലീസിൽ പരാതിയുമായി എത്തിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്. ഡോക്ടർ ആണെന്ന് പറഞ്ഞാണ് യുവതിയെ പ്രതി കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments