banner

പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾക്കെതിരായ നടപടി തുടരുന്നു; ജപ്തി അഞ്ച് മണി വരെ തുടർന്നേക്കും

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികള്‍ തുടരുന്നു. ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. സംസ്ഥാനത്താകെയായി 60 ഓളം സ്വത്തു വകകളാണ് ഇന്നലെ നിന്നായി കണ്ടുകെട്ടിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ജില്ലാകളക്ടര്‍മാര്‍ക്ക് സ്വത്ത് കണ്ടുകെട്ടാൻ നൽകിയിരിക്കുന്ന സമയപരിധി. ലാൻഡ് റവന്യൂ കമ്മീഷണര്‍ ആണ് ജില്ലാകളക്ടര്‍മാര്‍ക്ക് സമയപരിധി നൽകിയിരിക്കുന്നത്. സ്വത്തുകണ്ടുകെട്ടിയതിന്‍റെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. തുടർന്ന് കണ്ടുകെട്ടിയ സ്വത്തുവകകൾ റിപ്പോര്‍ട്ടായി ഹൈക്കോടതിയിൽ നൽകും.

പോപ്പുല‌ർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കൾ സംസ്ഥാന വ്യാപകമായി ഇന്നലെ ജപ്തി ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ സംഘടന ആഹ്വാനംചെയ്ത മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 14 ജില്ലകളിലായി 60ഓളം നേതാക്കളുടെ വീടും സ്ഥലങ്ങളുമാണ് ഇന്നലെ ജപ്തി ചെയ്തത്.

ഹൈക്കോടതിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യത്തില്‍ നടപടി വേഗത്തിലാക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടിവി അനുപമ ഐഎഎസ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, വയനാട്, കാസര്‍ഗോഡ്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ നേതാക്കളുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുല്‍ സത്താറിന്റെ വീടും വസ്തുക്കളും കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടുകെട്ടിയിരുന്നു. പട്ടാമ്പി ഓങ്ങല്ലൂരിൽ സംസ്ഥാന സെക്രട്ടറി സി എ റൗഫിന്‍റെ പത്ത് സെന്‍റ് സ്ഥലവും ജപ്തി ചെയ്തു. ആലുവയിൽ 68 സെന്‍റിൽ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ പെരിയാര്‍ വാലി ട്രസ്റ്റ് ക്യാംപസും പിടിച്ചെടുത്തു.

റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരമാണ് നടപടി. തിങ്കളാഴ്ചയ്ക്കകം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാൽ സര്‍ക്കാര്‍ വീണ്ടും സമയം ചോദിച്ചത് കോടതി വിമര്‍ശനത്തിന് കാരണമായി. നടപടികള്‍ വൈകിയതിന് ആഭ്യന്തരസെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചിരുന്നു.

Post a Comment

0 Comments