banner

അഞ്ചാലുംമൂട് സ്കൂൾ അദ്ധ്യാപകർ വിദ്യാർഥികളുടെ ജീവന് ഭീഷണിയോ?; പൊലീസിൽ പരാതി നൽകി പി.ടി.എ പ്രസിഡൻ്റ്

അഞ്ചാലുംമൂട് : സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ അഞ്ചാലുംമൂട്ടിലെ അദ്ധ്യാപകരുടെ വാഹനപ്രേമം വിദ്യാർഥികളുടെ ജീവന് ഭീഷണിയാകുന്നതായി കാണിച്ച് പി.ടി.എ പ്രസിഡൻ്റ് അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. സ്കൂളിന് മുന്നിലായി വാഹനങ്ങൾക്ക് യഥേഷ്ഠം പാർക്ക് ചെയ്യാൻ സൗകര്യമുണ്ടെങ്കിലും തങ്ങൾക്ക് പഠിപ്പിക്കുന്ന ക്ലാസിന് മുന്നിൽ മാത്രമെ വാഹനങ്ങൾ പാർക്ക് ചെയ്യൂ എന്ന നിലപാടാണ് അദ്ധ്യാപകർ സ്വീകരിക്കുന്നത്. തുടർന്നാണ് രക്ഷാകർതൃസമിതി പ്രസിഡൻറ് അനിൽകുമാർ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഓയ്ക്ക് പരാതി കൈമാറിയത്.

വൈകുന്നേരങ്ങളിലും രാവിലെയുമായി ഗ്രൗണ്ടിൽ കുട്ടികൾ കളിയ്ക്കവേയാണ് ചില അദ്ധ്യാപകർ തങ്ങളുടെ വാഹനം യാതൊരു നിയന്ത്രണവുമില്ലാതെ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റി പാർക്കിംഗിനും വിടുതലിനും സൗകര്യം കണ്ടെത്തുന്നത്. പ്രശ്നത്തിലെ വിരോധാഭാസമെന്തെന്നാൽ സ്കൂളിലെ പ്രധാനധ്യാപകനും ഇത്തരത്തിലാണ് തങ്ങളുടെ വാഹനം പാർക്ക് ചെയ്യുന്നത്. സംഭവത്തിൽ രക്ഷിതാക്കൾ എതിർപ്പ് അറിയിച്ചിരുന്നുവെന്നും ഇവ ഗൗനിക്കാത്ത നിലപാടാണ് പ്രധാനധ്യാപകനുൾപ്പെടെയുള്ളവർ സ്വീകരിച്ചതെന്ന് അനിൽകുമാർ വ്യക്തമാക്കി.

സ്കൂൾ പി.ടി.എ എസ്.എം.സി കമ്മിറ്റികളുടെ തീരുമാനങ്ങൾക്ക് യാതൊരു വിലയും പ്രധാനാദ്ധ്യാപകൻ കല്പിക്കുന്നില്ലെന്നും തൻ്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം തീരുമാനങ്ങൾ എടുക്കുന്നതെന്നും നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഈ സംഭവത്തിൽ സ്കൂളിന് മുന്നിലായി വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കെയാണ് പ്രധാനാദ്ധ്യാപകൻ ഉൾപ്പെടെയുള്ളവർ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതോടെ പഴയ ആക്ഷേപങ്ങൾ ശരിയാണെന്ന നിലപാടിലാണ് സ്കൂൾ രക്ഷകർതൃ കമ്മിറ്റികൾ.

Post a Comment

0 Comments