banner

സ്വർണ്ണം അരപ്പട്ട രൂപത്തിലാക്കി ജീൻസിനുള്ളിൽ തുന്നി വച്ച് കടത്താൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

എറണാകുളം : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ടയുമായി കസ്റ്റംസ്. 14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വർണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. സ്വർണ്ണം അരപ്പട്ട രൂപത്തിലാക്കി ജീൻസിനുള്ളിൽ തുന്നി വച്ചാണ് കടത്താൻ ശ്രമിച്ചത്.
ദുബായിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി മുഹമ്മദാണ് അനധികൃതമായി സ്വർണ്ണം കടത്താൻ ശ്രമിച്ച് കസ്റ്റംസിന്റെ വലയിലായത്. ( Gold smuggling young man arrest Cochin Airpor).

രണ്ട് ദിവസം മുമ്പ് തൃശൂരിൽ ആർ പി എഫ് 54 ലക്ഷത്തിൻ്റെ സ്വർണവേട്ട നടത്തിയിരുന്നു. ​ഗർഭ നിരോധന ഉറയിൽ ദ്രവരൂപത്തിലായിരുന്നു സ്വർണക്കടത്ത്. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠൻ (35) ആണ് അറസ്റ്റിലായത്. പരശുറാം എക്സ്പ്രസിൽ ആണ് സ്വർണക്കടത്ത് നടത്താൻ ശ്രമിച്ചത്. തൃശൂരിലെത്തിച്ച സ്വർണമാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടിയത്. ഒരു കിലോയിലധികം സ്വർണമാണ് പിടിച്ചതെന്ന് ആർ പി എഫ് അധികൃതർ വ്യക്തമാക്കി.

അഞ്ച് ദിവസം മുമ്പും കരിപ്പൂരിൽ പൊലീസിന്റെ സ്വർണവേട്ട നടന്നിരുന്നു. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 59 ലക്ഷം രൂപയുടെ സ്വർണവുമായാണ് അന്ന് യുവാവ് പിടിയിലായത്. മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീൻ (29) ആണ് പൊലീസിന്റെ വലയിലായത്. ഇയാളിൽ നിന്നും 1.059 കിലോഗ്രാം 24 ക്യാരറ്റ് സ്വർണം കണ്ടെടുത്തു.

സ്വർണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസിന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ ഷംസുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

0 Comments