banner

കൊല്ലം ബൈപ്പാസിൽ അപകടങ്ങളുടെ ഘോഷയാത്ര: അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം തെറ്റി ഓട്ടോയിലും രോഗിയുമായി പോയ ആംബുലൻസിലും ഇടിച്ച് വൻ അപകടം


കിളികൊല്ലൂർ : കൊല്ലം ബൈപ്പാസ് മങ്ങാട് പാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.  അമിത വേഗതയിൽ കരിക്കോട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ബൈപ്പാസ് മങ്ങാട് പാലത്തിൽ രോഗിയുമായി പോയ  ആംബുലൻസിനെ മറികടക്കുന്നതിനിടെ ഓട്ടോയിലിടിക്കുകയും നിയന്ത്രണം തെറ്റി  അതേ ദിശയിൽ  എത്തിയ ആംബുലൻസിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള രണ്ട് പേർക്കും കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേരിൽ മൂന്ന് പേർക്കും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും  രോഗിയുമായി കടവൂരിലേക്ക് പോയ ആംബുലൻസിലുണ്ടായിരുന്ന രോഗിയുൾപ്പെടെ രണ്ട് പേർക്കും പരുക്കേറ്റു. ആംബുലൻസിലുണ്ടായിരുന്നവരെ കൊട്ടിയത്തെ അതേ ആശുപത്രിയിലേക്കും മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് ലഭിക്കുന്ന വിവരം.

അപകടത്തെ തുടർന്ന് അര മണിക്കൂറോളം വാഹനഗതാഗതം ഭാഗികമായി സ്തംഭിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. 
അതേ സമയം, കൊല്ലം ബൈപ്പാസിൽ അപകടങ്ങൾക്ക് അറുതിയില്ല. ബൈപ്പാസിൽ നടക്കുന്ന ചെറുതും വലുതുമായ അപകടങ്ങളുടെ വാർത്തകളില്ലാതെ ഒരു ദിനവും അവസാനിക്കുന്നില്ല. അശാസ്ത്രീയമായ ഹൈവേ നിർമ്മാണവും അശ്രദ്ധയോടു കൂടിയ ഡ്രൈവിങ്ങും അമിത വേഗതയും അപകടങ്ങൾക്ക് കാരണമാകുന്നതായി പരിസരവാസികൾ ആരോപണം ഉന്നയിക്കുന്നു.

Post a Comment

0 Comments