banner

പക്ഷിപ്പനി മൂലം പ്രതിസന്ധിയിലായ കർഷകർക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മരണപ്പെട്ടതും കൂട്ടത്തോടെ കൊന്നൊടുക്കിയ പക്ഷികള്‍ക്കും നശിപ്പിച്ച മുട്ടകള്‍ക്കും തീറ്റയ്ക്കും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. രണ്ട് മാസത്തിന് താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് നൂറ് രൂപ വീതവും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 200 രൂപ വീതവും നഷ്ടപരിഹാരം നല്‍കും. 

മുട്ട ഒന്നിന് 5 രൂപയും കോഴിത്തീറ്റ കിലോയ്ക്ക് 12 രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. 2022 ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയുണ്ടായി. നിലവില്‍ ആലപ്പുഴയില്‍ 10 പ്രദേശങ്ങളിലും കോട്ടയത്ത് 7 പ്രദേശങ്ങളിലും തിരുവനന്തപുരത്ത് ഒരു പ്രദേശത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് നഷ്ടപരിഹാരം സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നത്. നഷ്ടപരിഹാരം നല്‍കുന്ന കാലതാമസം ഒഴിവാക്കുന്നതിനായി കേന്ദ്ര വിഹിതം ലഭിക്കുന്നതിനു മുന്‍പ് തന്നെ നഷ്ടപരിഹാരത്തുക മൃഗസംരക്ഷണ വകുപ്പിന്‍റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments