ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ 14 കീടനാശനികളുടെ അമിത സാന്നിധ്യമെന്ന് കണ്ടെത്തല്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം ഭക്ഷ്യ സുരക്ഷാ അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനാ റിപ്പോര്‍ട്ട് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഏലയ്ക്ക പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. അനുവദനീയമായ പരിധിയിൽ കൂടുതലാണ് കീടനാശിനിയുടെ സാന്നിധ്യമെന്നതിനാൽ ഏലയ്ക്ക ഭക്ഷ്യ യോഗ്യമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചിയിലെ ലാബിലാണ് പരിശോധന നടത്തിയത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ ഏലയ്ക്കയില്‍ കീടനാശിനിയുടെ അംശം അടങ്ങിയിട്ടുണ്ടന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണ് ഉപയോഗിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെയും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെയും ഹര്‍ജിയില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു.
ഏലയ്ക്കയുടെ ഗുണ നിലവാരം സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ട് മുന്‍പ് ശബരിമലയില്‍ ഏലയ്ക്ക വിതരണം ചെയ്തിരുന്ന അയ്യപ്പ സ്‌പൈസസ് കമ്പനി ഉടമ എസ് പ്രകാശാണ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഫിപ്രോനില്‍, ടെബ്യുകണസോള്‍, ഇമിഡക്‌ളോപ്രിഡ് എന്നീ കീടനാശിനികളുടെ സുരക്ഷിതമല്ലാത്ത വിധത്തിലുള്ള സാന്നിധ്യം ഏലയ്ക്കയിലുണ്ടെന്ന് തിരുവനന്തപുരം അനലിറ്റിക്കല്‍ ലാബ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ചോദ്യം ചെയ്തതോടെയാണ് കൊച്ചി ലാബില്‍ വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
0 Comments